ക്യാന്‍സറിനു കാരണമാകുന്ന ഫ്രൈ പാനുകൾ കേരളത്തിൽ വിൽക്കുന്നു

cancer pan

കേരളത്തിലെ ഏത് തെരുവില്‍ നോക്കിയാലും മണ്ണില്‍ നിര്‍മ്മിക്കുന്നപോലുള്ള ഫ്രൈ പാനുകൾ രാജസ്ഥാന്‍ സ്വദേശികള്‍ വാഹനത്തിലും വഴിയോരത്തും നിരനിരയായി വില്‍പ്പനയ്ക്ക് തയ്യാറായി നില്‍ക്കുന്ന കാഴ്ചകള്‍ സുലഭമാണ്.

ആദ്യം 200 രൂപ പറയുന്ന തവ ഒടുവില്‍ 70 ഉം 80 ഉം രൂപയ്ക്ക് വരെ വില്‍ക്കാന്‍ ഇവര്‍ തയ്യാറാണ്. വാഹനങ്ങളില്‍ വരുന്നവരെ കൈവീശി വിളിച്ചു൦ ട്രാഫിക് ജംഗ്ഷനില്‍ വാഹനം നിര്‍ത്തുമ്പോഴും നാടോടികള്‍ തവകളുമായി ഓടിയെത്തുകയാണ്. എന്നാല്‍ ഇവര്‍ മൺതവകള്‍ എന്ന് പറയുന്ന ഈ പാത്രങ്ങള്‍ ഗ്രാനൈറ്റ്, മാർബിൾ വെയ്സ്റ്റ് (ഗ്രാനൈറ്റ് ചാരം) ഉപയോഗിച്ച് നാടോടികൾ നിർമ്മിക്കുന്നവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന കെമിക്കലാണ് ഗ്രാനൈറ്റ്, മാർബിൾ വെയ്സ്റ്റില്‍ അടങ്ങിയിരിക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന പാത്രത്തില്‍ റെഡ് ഓക്‌സൈഡ് പെയിന്‍റ് അടിച്ച് മൺതവകൾ എന്ന് തോന്നിപ്പിക്കും വിധമാണ് കച്ചവടം പൊടിപൊടിക്കുന്നത്.

ഈ മൺതവകൾ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കാണ് ഉപയോഗിക്കുന്നവരെ കൊണ്ടെത്തിക്കുക. ഇവ ഗ്യാസിൽ വെച്ച് ചപ്പാത്തിയും മറ്റും പാകം ചെയ്യാനും മീന്‍ ഉള്‍പ്പെടെ വറക്കാനുമാണ് കൂടുതല്‍ ഉപയോഗിക്കുക. ആകര്‍ഷകമെന്ന് കണ്ടു ഇത് വാങ്ങി പോകുന്നവര്‍ ഏറെയാണ്‌ .

പാലാ നഗരാതിര്‍ത്തിയില്‍ മാത്രം ഇത്തരം മൺതവകള്‍ വില്‍ക്കുന്ന ഇരുന്നൂറിലേറെ സ്റ്റാളുകളാണ് റോഡു വശങ്ങളില്‍ നിരന്നിരിക്കുന്നത്. നഗരത്തില്‍ ഉള്‍പ്പെടെ മീറ്ററുകളുടെ അകലത്തിലാണ് ഇത്തരം കച്ചവടം നാടോടികള്‍ നിരന്നിരുന്ന് പൊടിപൊടിക്കുന്നത് .

ഈ പാത്രങ്ങള്‍ പൊട്ടിച്ചു നോക്കുമ്പോഴാണ് തട്ടിപ്പ് വ്യക്തമാകുന്നത്. മണ്ണുകൊണ്ട് ഉണ്ടാക്കുന്നത് എന്ന് പറയുന്ന പാത്രങ്ങള്‍ പൊട്ടിച്ചാല്‍ കിട്ടുന്നത് കറുത്ത പൊടിയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഈ പാത്രങ്ങളുടെ വില്‍പ്പന തടയാന്‍ ആരോഗ്യ വകുപ്പും പോലീസും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.