കളിക്കാർക്ക് വേണ്ടത്ര വിശ്രമം അനുവദിക്കാത്തതിൽ പൊട്ടിത്തെറിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. ആസൂത്രണത്തിലെ പാളിച്ച കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു. ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും മുന്പ് രണ്ടു ദിവസം മാത്രമാണ് വിശ്രമം ലഭിക്കുന്നതെന്നും നാഗ്പുരിൽ വാർത്താസമ്മേളനത്തിൽ കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ മത്സര സാഹചര്യങ്ങളെ കുറിച്ച് മനസിലാക്കാനുള്ള അവസരം ലഭിക്കുന്നില്ല. ഒരു മാസം ലഭിച്ചിരുന്നെങ്കിൽ മികച്ച രീതിയിൽ ഒരുക്കങ്ങൾ നടത്താൻ സാധിക്കുമായിരുന്നു. വിദേശത്ത് മികച്ച പ്രകടനം നടത്താത്തതിന്റെ പേരിൽ കളിക്കാരെ വിമർശിക്കാൻ എളുപ്പമാണ്. എന്നാൽ മത്സരത്തിന് സജ്ജരാകാനുള്ള സമയം കളിക്കാർക്ക് ലഭിക്കുന്നുണ്ടോയെന്ന കാര്യം എല്ലാവരും അവഗണിക്കുകയാണെന്നും കോഹ്ലി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കാർക്ക് തങ്ങളെ തന്നെ സജ്ജരാക്കാനുള്ള അവസരമാണ്. എല്ലാവരും പെട്ടെന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പറയുന്നില്ല. രണ്ടോ മൂന്നോ ഇന്നിംഗ്സ് കഴിയുമ്പോൾ ആത്മവിശ്വാസം നേടിയെടുക്കാമെന്നും കോഹ്ലി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഒരുക്കിയ പിച്ചിനെയും അദ്ദേഹം വിമർശിച്ചു. ബൗൺസുള്ള പിച്ചാണ് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചില്ലെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. ഡിസംബർ 30നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരം നടക്കുന്നത്. മൂന്നു ടെസ്റ്റും ആറ് ഏകദിനവും മൂന്നു ട്വന്റി-20 ഉൾപ്പെട്ടതാണ് പരന്പര.
കളിക്കാർക്ക് വേണ്ടത്ര വിശ്രമം ഇല്ല പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി
RELATED ARTICLES