ചിത്തിരയാട്ട വിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് 52-കാരിയെ തടഞ്ഞ കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്.
കെ. സുരേന്ദ്രന് പുറമേ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചിത്തിര ആട്ട വിശേഷ സമയത്ത് ഇവരും സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.കേസില്‍ ജാമ്യം കിട്ടിയാലും കണ്ണൂര്‍ മജിട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാതെ സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിയില്ല.