Thursday, April 25, 2024
HomeNationalഅയോധ്യയിലെ രാമ ക്ഷേത്രത്തിന് വേണ്ടി ഒരു ഇഷ്ടിക മാത്രം വച്ചിട്ട് കാര്യമില്ല ക്ഷേത്രം തന്നെ പണിയണമെന്ന്...

അയോധ്യയിലെ രാമ ക്ഷേത്രത്തിന് വേണ്ടി ഒരു ഇഷ്ടിക മാത്രം വച്ചിട്ട് കാര്യമില്ല ക്ഷേത്രം തന്നെ പണിയണമെന്ന് അമിത് ഷാ

അയോധ്യയിലെ രാമ ക്ഷേത്രത്തിന് വേണ്ടി ഒരു ഇഷ്ടിക മാത്രം വച്ചിട്ട് കാര്യമില്ല രാമക്ഷേത്രം തന്നെ പണിയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സിറ്റി ന്യൂസിനു കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അമിത് ഷാ പറഞ്ഞത്. ഈ വിഷയത്തില്‍ കോടതി ഒരു നല്ല തീരുമാനം എടുക്കുമെന്നാണ് തന്റെ വിശ്വസമെന്നും എന്നാൽ അത് പെട്ടെന്നുള്ളതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്നമാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞിട്ട് അധികം ദിവസങ്ങൾ പിന്നിടുന്നതിനു മുമ്പേയാണ് അമിത് ഷായുടെ ഈ പ്രതികരണം. രാമക്ഷേത്രം നിര്‍ബന്ധമായും നിര്‍മ്മിക്കണമെന്നും സുപ്രീം കോടതി ഈ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോടതി തീരുമാനം വൈകുകയാണെങ്കില്‍ തന്റെ അഭിപ്രായത്തില്‍ നിയമനിര്‍മാണത്തിലൂടെ ക്ഷേത്രം നിര്‍മിക്കണമെന്നാണ്. നേരത്തെ രാമക്ഷേത്രനിര്‍മാണത്തിനായി ഇനി അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്നും ആര്‍എസ്‌എസ് വ്യക്തമാക്കിയിരുന്നു. ക്ഷേത്ര നിര്‍മാണത്തിനു ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമായ ഡിസംബര്‍ ആറ് തന്നെ തിരഞ്ഞെടുക്കണമെന്ന് വിഎച്ച്‌പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. അന്നത്തെ ദിവസം രാജ്യത്തെ ഹിന്ദുക്കളെല്ലാം അയോധ്യയിലെത്തണമെന്നായിരുന്നു സാധ്വി പ്രാചിയുടെ ആവശ്യം.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗിന്റെ മരുമകൾ അപർണാ യാദവ് നേരത്തെ പറഞ്ഞിരുന്നു. താൻ ശ്രീരാമദേവനൊപ്പമാണ്,അയോധ്യഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യത്തോട് താൻ പൂർണ്ണമായും യോജിക്കുന്നു.മുലായം സിംഗിന്റെ രണ്ടാമത്തെ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രം നിര്‍മ്മാണം തുടങ്ങുമെന്ന് പ്രസ്താവനകളിറക്കിയിരുന്നു. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പ് പറഞ്ഞത്.

അയോധ്യയിൽ ക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എന്നാല്‍ നിങ്ങള്‍ കുറച്ച് കാലം ക്ഷമയോടെ കാത്തിരിക്കണം എന്നാണ് യോഗി ആദിത്യനാഥ് സന്യാസിമാരോട് ആവശ്യപ്പെട്ടത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ വീണ്ടും ആരംഭിച്ചിരുന്നു. ക്ഷേത്രത്തിനുള്ള കല്ലുകള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തിക്കുകയുണ്ടായി. മുഖ്യമന്ത്രി യോഗിയുടെ ദീപാവലി ആഘോഷവും അയോധ്യയില്‍ ആയിരുന്നു. എല്ലാ സുപ്രധാന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നേയും ബിജെപി പുറത്തെടുക്കുന്ന തുറുപ്പ് ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമെന്ന് ആരോപിക്കുന്നവരും ഉണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പല കോണുകളില്‍ നിന്നായി വീണ്ടും രാമക്ഷേത്ര നിര്‍മ്മാണമെന്നത് കേട്ടുതുടങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments