ജില്ലയിലെ കര്‍ഷകര്‍ക്ക് പട്ടയം: കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം 27ന്

പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് ഈ മാസം  27 ന് ഡല്‍ഹിയില്‍ വനം – പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കും. ജില്ലയിലെ 7000 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കാനുള്ള അന്തിമ പട്ടികയിലുള്ളത്. 1985-ലെ ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍ അനുമതിക്കായി അപ്ലോഡ് ചെയ്ത പട്ടയമാണ് പരിഗണിക്കുന്നത്.
നിയോജകമണ്ഡലത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള സാധ്യതയെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് റവന്യൂ- വനം മന്ത്രിമാര്‍ അസംബ്ലി ചേമ്പറില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. 2500 ല്‍ അധികം ആദിവാസി കുടുംബങ്ങള്‍ക്കാണ് കൈവശരേഖ വിതരണം ചെയ്തിട്ടുള്ളത്. എന്നാല്‍, വിദ്യാഭ്യാസത്തിന് ബാങ്ക് ലോണിന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഇത് പര്യാപ്തമല്ല.
     പെരുമ്പെട്ടിയില്‍ നിര്‍ത്തിവച്ച സര്‍വേ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. പരുവ, കുരുമ്പന്‍മുഴി, മണക്കയം, വലിയപതാല്‍, അരയാഞ്ഞിലി മണ്ണ്,  അടിച്ചിപ്പുഴ – ചൊള്ളനാവയല്‍, മുക്കുഴി, ഒളികല്ല്,  അത്തിക്കയം – തെക്കേതൊട്ടി, കടുമീന്‍ചിറ, പെരുമ്പെട്ടി, കോട്ടുപാറ, മോതിരവയല്‍ അമ്പലപ്പാറ, പമ്പാവാലി, ഏഞ്ചല്‍ വാലി എന്നിവിടങ്ങളിലെ പട്ടയം വിതരണം ചെയ്യാനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തി. സമയബന്ധിതമായി പട്ടയം വിതരണം ചെയ്യാനുള്ള  പ്രവര്‍ത്തികള്‍ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത്  നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി 28 വൈകിട്ട് മൂന്നിന് പത്തനംതിട്ട  കളക്ടറേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം നടക്കും.  
അസംബ്ലി ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രിയോടൊപ്പം വനംവകുപ്പ് മന്ത്രി കെ. രാജു, രാജു എബ്രഹാം എംഎല്‍എ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, സിസിഎഫ്മാരായ ബെന്നിച്ചന്‍, ഹരികൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

ബീറ്റ് ഓഫീസര്‍ക്കെതിരെ വ്യാജപ്രചാരണം: പോലീസ് കേസെടുത്തു
ജനമൈത്രി ബീറ്റ് ഓഫീസര്‍ ബീറ്റ് ഡ്യൂട്ടിയുടെ ഭാഗമായി വീട്ടിലെത്തിയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പകര്‍ത്തി വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറന്മുള പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ അജിത്ത് ഇടയാറന്മുളയിലെ ഒരു വീട് സന്ദര്‍ശനം നടത്തിയശേഷം പോകുന്ന ദൃശ്യമാണ് വീട്ടിലെ സിസിടിവിയില്‍ നിന്നും പകര്‍ത്തി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത്.
ഒരു യുവാവ് പോലീസ് വേഷത്തില്‍ ഇടയാറന്മുളയിലെ വീടുകള്‍ സന്ദര്‍ശിച്ചുവെന്നും, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ശേഖരിച്ചെന്നും, താമസക്കാരുടെ വിവരങ്ങള്‍ തിരക്കിയെന്നും, ആരും തന്നെ ഇയാള്‍ക്ക് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. വ്യാജസന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ഇതിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതായും, 120(ഒ), 117(ഇ) പ്രകാരം ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി പി.ബി. രാജിവ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍  ദുരുപയോഗം ചെയ്തു കൊണ്ടുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ജനമൈത്രി എം ബീറ്റി(മൊബൈല്‍ ബീറ്റ്)ന്റെ ഭാഗമായാണ് ബീറ്റ് ഓഫീസര്‍മാര്‍ ഇത്തരത്തില്‍ ഭവനസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനെതിരായ പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജില്ലാപോലീസ് മേധാവി ആവശ്യപ്പെട്ടു.