രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ആദ്യം വാർത്ത വന്നത് റാന്നിയിൽ നിന്ന്

citinews-rahul

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം ഇന്നലെ ആദ്യം പുറത്തുവിട്ടത് ഉമ്മന്‍ചാണ്ടി പത്തനംതിട്ട റാന്നിയിലായിരുന്നു. ശബരിമല മണ്ഡലകാലത്ത് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലുള്ള കേസില്‍ ജാമ്യമെടുക്കാന്‍ കോടതിയില്‍ ഹാജരായ ശേഷമാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ മത്സരിക്കുന്ന പക്ഷം വയനാട്ടില്‍ നിന്ന് ടി. സിദ്ദിഖ് പിന്‍മാറുമെന്നും പറഞ്ഞു. റാന്നിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചശേഷം എ.ഐ.സി.സി ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ പ്രഖ്യാപനമെന്ന സൂചന ലഭിച്ചു. വിഷയം മാദ്ധ്യമങ്ങളെ അറിയിക്കാന്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി. കോടതിയില്‍ നിന്ന് ഇറങ്ങിവന്ന ഉമ്മന്‍ചാണ്ടി മറ്റ് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം മാദ്ധ്യമങ്ങളെ കണ്ട് വിവരം അറിയിക്കുകയായിരുന്നു.