കോവിഡ് 19: നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കും: ജില്ലാ കളക്ടര്‍

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ താല്‍ക്കാലികമായി സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ ഇവരുടെ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് പ്രതിരോധമാര്‍ഗമെന്ന രീതിയിലാണു വീടുകളില്‍ പോസ്റ്റര്‍ സ്ഥാപിക്കുക. വ്യക്തിയുടെ പേര്, മേല്‍വിലാസം, ഏതു ദിവസം മുതല്‍ ഏതു ദിവസം വരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്, കുടുംബാംഗങ്ങളുടെ എണ്ണം, കൊറോണ പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാം, ചെയ്യരുത് തുടങ്ങിയ വിവരങ്ങളാണു പോസ്റ്ററില്‍ ഉണ്ടാകുക. കൂടാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കാലയളവുവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സമ്മതമാണെന്ന സത്യവാങ്മൂലം ഇവരില്‍നിന്ന് ഒപ്പിട്ടു വാങ്ങും. സത്യവാങ്മൂലം തെറ്റിച്ചാല്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പോസ്റ്റര്‍ ഉപയോഗിച്ച് വ്യക്തികളേയോ, കുടുംബത്തേയോ അപകീര്‍ത്തിപ്പെടുത്തുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ പേരും മറ്റു വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.