കോവിഡ് 19: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജില്ലാ പോലീസ്

കൊറോണാ വൈറസിന്റെ  പകര്‍ച്ച തടയുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനത്തില്‍ ശക്തമായ പങ്കാളിത്തവുമായി ജില്ലാ പോലീസ്. രോഗം അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സാമൂഹ്യമായ കൂടിച്ചേരലുകള്‍ തടയുന്നതിലും നിരീക്ഷണത്തിലുള്ളവര്‍ അത് ഒഴിവാക്കി കറങ്ങിനടക്കുന്നത് ഒഴിവാക്കുന്നതിലും ജില്ലാ പോലീസ് ഇടപെട്ട് ഉചിതമായ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ജില്ലയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടാകും. സ്വകാര്യ വാഹനങ്ങളിലെ യാത്രകള്‍ കര്‍ശനമായി നിരീക്ഷിക്കും. വളരെ അത്യാവശ്യമുള്ള യാത്രകള്‍ മാത്രമേ അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായി ഉറപ്പാക്കും.