Friday, March 29, 2024
HomeKeralaമതത്തിനതീതമായി മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്ന നല്ല ഇടയന് ജന്മശതാബ്ദി

മതത്തിനതീതമായി മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്ന നല്ല ഇടയന് ജന്മശതാബ്ദി

മതത്തിനതീതമായി മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്ന നല്ല ഇടയന് ജന്മശതാബ്ദി

ചിരിയിലൂടെ ചിന്തയുടെ നറുമുത്തുകളും നന്മയുടെ മൂല്യങ്ങളും പ്രചരിപ്പിക്കുന്ന, മതത്തിനതീതമായി മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്ന നല്ല ഇടയന് പിറന്നാള്‍ ആശംസയുമായി ഭരണാധികാരികളും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യനേതാക്കളുമെത്തി. വിശ്വാസികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്രയ്ക്കു ശേഷമായിരുന്നു ജന്മശതാബ്ദിസമ്മേളനം.

മുക്കോലയ്ക്കല്‍ സെന്റ്തോമസ് സ്കൂളില്‍ സമ്മേളനം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്താ ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാസന്ദേശം വികാരി ജനറല്‍ ജയന്‍ തോമസ് വായിച്ചു. നൂറിലും കര്‍മനിരതനായ ഈ ശ്രേഷ്ഠപുരോഹിതന്‍ സമൂഹത്തിന്റെ അനുഗ്രഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ കര്‍മോന്മുഖതയാണ് വലിയ മെത്രാപോലീത്തായെ വ്യത്യസ്തനാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സ്റ്റാമ്പ് ‘മുഖമുദ്ര’ പുറത്തിറക്കി. ശതാബ്ദി വീടുകളുടെ താക്കോല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കൈമാറി. വിവാഹസഹായം മന്ത്രി മാത്യു ടി തോമസ് വിതരണം ചെയ്തു. സ്മരണിക ഒ രാജഗോപാല്‍ എംഎല്‍എക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. 36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സിനിമാസംവിധായകന്‍ ബ്ളെസി പരിചയപ്പെടുത്തി.

ഡോ. വി പി ഗംഗാധരന്‍, ഇ ജെ ജോര്‍ജ് കശീശ, മുരുകേശന്‍നായര്‍, സംവിധായകന്‍ ബ്ളെസി എന്നിവരെ ആദരിച്ചു. എബ്രഹാം തോമസ് പരിചയപ്പെടുത്തി. തിരുവനന്തപുരം- കൊല്ലം ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. ആധ്യാത്മിക നേതാവിന് മതേതരനായി ജീവിക്കാന്‍ കഴിയുമെന്ന് തെളിയിച്ച വലിയതിരുമേനിയെ മാതൃകയാക്കാനാകണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കേരളീയ സമൂഹത്തിന്റെ കെടാവിളക്കാണ് ഈ പുരോഹിതനെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മതേതതരത്വം ജീവിതത്തില്‍ പകര്‍ത്തിയ മതമേലധ്യക്ഷനാണെന്ന് പി ജെ കുര്യന്‍ പറഞ്ഞു. വലിയ തിരുമേനി മറുപടി പറഞ്ഞു. ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്കോപ്പ സ്വാഗതം പറഞ്ഞു.

പൗരോഹിത്യത്തിന്റെ എക്കാലത്തെയും ജനകീയമുഖമായ സ്വര്‍ണനാവുള്ള ഈ വലിയ ഇടയന്‍ കേരളത്തിലെ ക്രൈസ്തവസഭകളുടെ മുഖമായി മാറിയത് എല്ലാ വിഭാഗക്കാരെയുംഒന്നായിക്കണ്ടുള്ള പ്രവര്‍ത്തനത്തിലൂടെയാണ്. ലോകപ്രശസ്തമായ മാരാമണ്‍ കൺവെൻഷനിലും ചെറുകോല്‍പ്പുഴ ഹിന്ദുമത കൺവെൻഷനിലും വിശ്വാസികളെ അഭിസംബോധനചെയ്ത ഏകവ്യക്തി എന്ന വിശേഷണം ലഭിച്ചതും വാക്കും പ്രവൃത്തിയും ഒരുപോലെ നടത്തുന്നു എന്നതിന്റെ തെളിവാണ്. ദലൈലാമ അടക്കമുള്ള ആധ്യാത്മികാചാര്യന്മാരുമായി ഇടപഴകാനും വേദി പങ്കിടാനും ചിരിയുടെ വലിയ മെത്രാപ്പൊലീത്തായ്ക്കു കഴിഞ്ഞിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments