ഇന്ത്യന്‍ നാവികസേനയ്ക്കു കൂടുതല്‍ ഊർജ്ജം പകരാന്‍ ഇനി നാലു പുതിയ പടക്കപ്പലുകള്‍. കടലിൽനിന്നു കരയിലെത്തി ആക്രമണം നടത്താൻ സാധിക്കുന്ന കപ്പലുകളാണ് സേനയ്ക്കു സ്വന്തമാകുന്നത്. കടലിലൂടെ വന്നു കരയിലേക്കു കയറിയുള്ള ആക്രമണം നടത്തുന്ന ‘ആംഫിബിയസ് അസോൾട്ട് ഷിപ്പു’കളാണിത്. കപ്പല്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. നാലു കപ്പലുകള്‍ക്കുമായി 20,000 കോടി രൂപ ചെലവു വരുമെന്നാണു കണക്കാക്കുന്നത്.
അമേരിക്ക അടക്കം ചുരുക്കം ചില രാജ്യങ്ങള്‍ക്കുമാത്രമേ ഇത്തരം പടക്കപ്പലുകളുള്ളൂ. കടലില്‍വച്ച് അറ്റകുറ്റപ്പണികള്‍ നടത്താവുന്നതും കൂടുതല്‍ ഇന്ധനശേഷിയുമുള്ളതുമാണിവ. സൈനികരെയും വന്‍തോതില്‍ ആയുധങ്ങളെയും യുദ്ധമേഖലയിലേക്കു എത്തിക്കാനാണ് മുഖ്യമായും ഉപയോഗിക്കുക. 30,000 മുതല്‍ 40,000 ടണ്‍ ഭാരമുള്ളതാകും കപ്പലുകളെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫൈറ്റര്‍ വിമാനങ്ങള്‍, ഉയര്‍ന്നശേഷിയുള്ള റഡാറുകള്‍, സെന്‍സറുകള്‍ തുടങ്ങിയവയും കപ്പലിലുണ്ടാകും.
200 മീറ്റര്‍ നീളമുള്ള കപ്പലിനു കടലില്‍ തുടര്‍ച്ചയായി 45 ദിവസം സേവനമനുഷ്ഠിക്കാനാകും. ആറു പ്രധാന യുദ്ധ ടാങ്ക്, 20 കാലാള്‍പ്പട യൂണിറ്റ്, 40 വലിയ ട്രക്കുകള്‍ എന്നിവ കപ്പലില്‍ കൊണ്ടുപോകാം. രാത്രിയും പകലും പ്രവര്‍ത്തിക്കും. ഓരോ കപ്പലിലും 470 നാവികരും 2300 സൈനികരും സന്നദ്ധരായുണ്ടാകും.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനുശേഷമുള്ള വലിയ സൈനിക മുന്നേറ്റമാണിത്. ശത്രുരാജ്യങ്ങളില്‍നിന്നു സമീപകാലത്തു വെല്ലുവിളികള്‍ വര്‍ധിച്ചതാണ് പെട്ടെന്നു തീരുമാനമെടുക്കാന്‍ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനുശേഷമുള്ള വലിയ സൈനിക മുന്നേറ്റമാണിത്.