ഫേസ്ബുക് മുതലാളി മാർക്ക് സർക്കർബർഗ് തന്‍റെ ലാപ്ടോപ്പിലെ ക്യാമറ ടേപ്പ് ഒട്ടിച്ചു മറച്ചതു എന്തിന് ?

mark laptop

മലയാളികളുടെ സിസി ടിവി ക്യാമറ പണി തരുമോ ?

ഫേസ്ബുക് മുതലാളി മാർക്ക് സർക്കർബർഗ് തന്‍റെ ലാപ്ടോപ്പിലെ ക്യാമറയും മൈക്രോഫോൺ പോർട്ടും ടേപ്പ് ഒട്ടിച്ചു മറച്ചതു എന്തിന് ? മാർക്ക് സർക്കർബർഗിന്‍റെ ലാപ്ടോപിന്റെ ഫോട്ടോ പുറത്തു വന്നതോടെയാണ് ഇങ്ങനെയൊരു ചോദ്യമുദിച്ചത്‌. ഒരു കംപ്യൂട്ടറിലെ ക്യാമറ പോലും വിദൂരത്തിരുന്നു നിയന്ത്രിക്കാൻ കഴിയുമെന്നതിലേക്കു വിരൽചൂണ്ടുന്നുണ്ട് ഈ സംഭവം. യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ എൻഎസ്എയ്ക്ക് നിങ്ങളുടെ സമ്മതം കൂടാതെ മൊബൈൽ ഫോൺ, ലാപ്ടോപ് ക്യാമറകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ആദ്യം വെളിപ്പെടുത്തിയത് എഡ്വേഡ് സ്നോഡനായിരുന്നു. എഫ്ബിഐ മേധാവിയായിരുന്ന ജയിംസ് കോമി പറഞ്ഞതിങ്ങനെ: ‘‘ഞാൻ എന്റെ ലാപ്ടോപ് ക്യാമറ ടേപ്പ് ഒട്ടിച്ചു മറച്ചുവയ്ക്കുന്നു, കാരണം എന്നെക്കാൾ സാങ്കേതികമായി വിദഗ്ധരായവരുടെ ക്യാമറകളിൽ പോലും ഞാൻ ടേപ്പ് കാണുന്നു.

മലയാളികളുടെ സിസി ടിവി ക്യാമറ പണി തരുമോ ?

താമസക്കാരില്ലാത്ത വീടുകൾ വിദേശരാജ്യങ്ങളിലിരുന്നു സിസിടിവി ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കുന്നവർ സൂക്ഷിക്കുക. ഉടമസ്ഥനറിയാതെ ലോകത്തിന്‍റെ ഏതു കോണിലിരിന്നും മറ്റുള്ളവർക്കും ഇതു കാണാൻ കഴിഞ്ഞാലോ? ക്യാമറയുമായി ബന്ധപെടുത്തിയിരിക്കുന്ന വെബ് ലിങ്കിലൂടെ കയറി യൂസർനെയിമും പാസ്‍വേഡും നൽകിയാണു വിഡിയോ വീടിന്‍റെ ഉടമസ്ഥൻ കാണുന്നത്. എന്നാൽ, പലരും കമ്പനിയിൽ നിന്നു തരുന്ന ഡീഫോൾട്ട് യൂസർനെയിമും, പാസ്‌വേഡും മാറ്റാറില്ലെന്നതാണ് സത്യം. വെബ്‍വിലാസം മറ്റാർക്കും അറിയില്ലല്ലോ എന്നോർത്തു സമാധാനിക്കാൻ വരട്ടെ, വെബ്സൈറ്റുകൾ ഗൂഗിളിൽ ലിസ്റ്റ് ചെയുന്നതുപോലെ സിസിടിവി ക്യാമറകളെ ഇൻഡക്സ് ചെയ്യുന്ന സെർച്ച് എൻജിൻ സൈറ്റുകളുണ്ടെന്ന് അറിഞ്ഞില്ലെങ്കിൽ പണി കിട്ടിയത് തന്നെ. ക്യാമറ സ്ഥാപിക്കാനെത്തുന്നവർക്കും ക്യാമറയുടെ വെബ് വിലാസവും പാസ്‌വേഡും അറിയാമെന്ന് ഓർമിക്കുക.

ഒരു പ്രത്യേക സൈറ്റിൽ ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നായി 73,011 ക്യാമറകളാണു നെറ്റിൽ ആർക്കും കാണാവുന്ന രീതിയിൽ സ്ട്രീം ചെയ്തിരുന്നതെന്നാണ് 2014 ലെ ഒരുറിപ്പോർട്ട് . എന്തിനേറെ പറയുന്നു കേരളത്തിലെ കോളജ് ഹോസ്റ്റലുകളിലെ വരെ ലൈവ് ക്യാമറകൾ ഇന്റർനെറ്റിലൂടെ സ്ട്രീം ചെയ്യുന്നതു തികച്ചും അശ്രദ്ധമായാണ്.