Friday, April 19, 2024
HomeKerala500 കോടി രൂപ ഫണ്ട് ആര്‍എസ്എസ് കേരളത്തിൽ നിന്നും ശേഖരിക്കുന്നു; അപകടകരമായ വര്‍ഗീയധ്രുവീകരണത്തിനെന്ന് ഇന്റലിജിൻസ് റിപ്പോർട്ട്

500 കോടി രൂപ ഫണ്ട് ആര്‍എസ്എസ് കേരളത്തിൽ നിന്നും ശേഖരിക്കുന്നു; അപകടകരമായ വര്‍ഗീയധ്രുവീകരണത്തിനെന്ന് ഇന്റലിജിൻസ് റിപ്പോർട്ട്

500 കോടി രൂപ ഫണ്ട് ആര്‍എസ്എസ് കേരളത്തിൽ നിന്നും ശേഖരിക്കുന്നു. കൊലക്കേസുകളിലും ആക്രമണങ്ങളിലും ശിക്ഷിക്കപ്പെട്ടവരെ സഹായിക്കാനാണ് ഈ ഫണ്ട് ശേഖരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ ഈ വിവരം പരസ്യമായി പറയാതെ പ്രവര്‍ത്തനനിധി എന്ന പേരിലാണ് ധനസമാഹരണം നടത്തുന്നത്.

ആര്‍എസ്എസിന്റെ വ്യാപക ഫണ്ട് ശേഖരണത്തെക്കുറിച്ച് പൊലീസ് ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അപകടകരമായ വര്‍ഗീയധ്രുവീകരണമടക്കം ഫണ്ട് സമാഹരണത്തിലുണ്ടെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ആക്രമണം അഴിച്ചുവിടാനും അസ്വസ്ഥത സൃഷ്ടിക്കാനും അണികള്‍ക്ക് വീര്യംനല്‍കാനും ലക്ഷ്യമിട്ടാണ് ചരിത്രത്തിലില്ലാത്ത ഫണ്ട് സംഘപരിവാര്‍ കേരളത്തില്‍നിന്ന് പിരിക്കുന്നത്. കേരളത്തില്‍നിന്ന് 700കോടി രൂപ സമാഹരിക്കാന്‍ സംസ്ഥാന ബിജെപി കോര്‍കമ്മിറ്റിയോഗം ഈയടുത്ത് തീരുമാനിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഫണ്ടെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിരുന്നത്. ബിജെപിയും സംഘപരിവാരും ഒരേസമയം നാട്ടില്‍നിന്ന് ഭീമമായ പണപ്പിരിവ് നടത്തുന്നത് ആദ്യമാണ്. മോഡിസര്‍ക്കാര്‍ വന്നശേഷം കേന്ദ്രഭരണത്തിലൂടെ സംസ്ഥാനത്തെ സംഘപരിവാരത്തിന് കനത്ത ഫണ്ട് ലഭിക്കുന്നുണ്ട്. ഇതിന് പുറമെയുള്ള ഫണ്ട് സമാഹരണമാണ് സംശയം ജനിപ്പിക്കുന്നത്.

ആര്‍എസ്എസ് മെയ് നിധി സമാഹരണമാസമായി ആചരിക്കുകയാണ്. 30നകം തുക സമാഹരിക്കാനാണ് തീരുമാനം. ആര്‍എസ്എസ് പ്രജ്ഞാപ്രവാഹക് പ്രചാരകായ (ബൌദ്ധികവിഭാഗം) ജെ സേതുമാധവനാണ് നിധിസമാഹരണത്തിന്റെ ഏകോപന ചുമതല. സംസ്ഥാന പ്രാന്തപ്രചാരക് പി ഗോപാലന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയുമുണ്ട്. സമിതിയുടെ യോഗം 27ന് കൊച്ചിയില്‍ ചേരും. സുബ്രഹ്മണ്യന്‍സാമി, സാക്ഷിമഹാരാജ് തുടങ്ങിയ ദേശീയനേതാക്കളടക്കം പങ്കെടുക്കുന്ന യോഗം ബൌദ്ധികവിഭാഗ കൂട്ടായ്മയെന്നാണ് ആര്‍എസ്എസ് നേതൃത്വം അവകാശപ്പെടുന്നത്. ഫണ്ട് സമാഹരണ അവലോകനവും അജന്‍ഡയിലുണ്ട്. കോയമ്പത്തൂരില്‍ ഈയടുത്ത് ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരത പ്രതിനിധിസഭ ദേശീയതലത്തില്‍ കേരളത്തിലെ സംഘത്തെ സഹായിക്കാന്‍ നിധിനല്‍കാന്‍ തീരുമാനിച്ചിരുന്നു. ദേശീയഫണ്ടുംകൂടി ലഭ്യമായാല്‍ പ്രചണ്ഡപ്രചാരണ-പ്രവര്‍ത്തനങ്ങളാകും അഴിച്ചുവിടുക.
കൊലക്കേസില്‍ അകപ്പെട്ടവരെ സഹായിക്കാനാണ് ഫണ്ട് എന്നാണ് മണ്ഡലം, മഹാനഗരം ശാഖ എന്നീ സംഘടനാസമിതികളിലൂടെയും വിശദീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മാത്രം പന്ത്രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊന്നിട്ടുണ്ട്. കാസര്‍കോട്ട് മദ്രസാ അധ്യാപകന്‍ റിയാസ് മൌലവി, മലപ്പുറം കൊടിഞ്ഞിയില്‍ മതംമാറിയ ഫൈസല്‍ എന്നിവരെ വധിച്ചതും ആര്‍എസ്എസാണ്. ഇടതുപക്ഷ സ്വാധീനം തകര്‍ത്ത് വര്‍ഗീയധ്രുവീകരണത്തിനായി കിണഞ്ഞുശ്രമിക്കുന്ന ആര്‍എസ്എസിന്റെ അടുത്തകാലത്തെ ഈ പ്രവര്‍ത്തനങ്ങള്‍കൂടി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം 500 കോടിഫണ്ട് സമാഹരിക്കുന്നില്ലെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം. കണ്ണൂര്‍ പീഡിതനിധി എന്നപേരില്‍ പണം പിരിക്കുന്നുണ്ടെന്നും അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments