ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കുവാന്‍ കഴിഞ്ഞില്ല

bjp

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ശബരിമല സമരം കത്തി നിന്നിരുന്ന പത്തനംതിട്ട മണ്ഡലത്തിലും ബിജെപി വിജയം ഉറപ്പിച്ച മട്ടായിരുന്നു. പിസി ജോര്‍ജ്ജിന്റെ പിന്തുണ കൂടി എന്‍ഡിഎയ്ക്ക് ലഭിച്ചതോടെ പത്തനംതിട്ട സീറ്റ് ബിജെപി ഉറപ്പിച്ചിരുന്നു.എന്നാല്‍ പ്രതീക്ഷകള്‍ പാടെ മാറ്റിമറിച്ചുകൊണ്ട് കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറന്നില്ല എന്ന് മാത്രമല്ല തിരുവനന്തപുരത്ത് ഒഴികെ മറ്റു രണ്ടു മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി ഒരു സീറ്റെങ്കിലും തരപ്പെടുത്തിയെടുക്കാനുള്ള ശ്രമമായിരുന്നു ശബരിമല സമരം മുതല്‍ ബിജെപി ശ്രമിച്ചത്. ശബരിമല സമരനായകനായി കെ സുരേന്ദ്രനെ ചിത്രീകരിച്ച് തീവ്ര ഹിന്ദുത്വ വികാരം ഉണ്ടാക്കി പത്തനംതിട്ടയില്‍ വിജയിക്കാമെന്നാണ് സുരേന്ദ്രന്‍ കരുതിയത്. എന്നാല്‍ ശബരിമല വികാരം ആളിക്കത്തിയില്ല എന്നുമാത്രമല്ല സിപിഎമ്മിനെ അത് പ്രതികൂലമായി ബാധിച്ചുമില്ല എന്നതാണ് തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മനസിലാകുന്നത്. അതിനാലാണ് തീവ്ര ഹിന്ദു വികാരം ശ്രുതിടിച്ചെടുത്തിട്ടും ആന്റോ ആന്റണി ജയിച്ചതും ശബരിമല സമരം മറികടന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജ് രണ്ടാം സ്ഥാനത്ത് എത്തിയതും.പി.സി ജോര്‍ജിനെയും ശബരിമലയെയും അമിതമായി ആശ്രയിച്ച കെ.സുരേന്ദ്രന് വന്‍ തിരിച്ചടി. പത്തനംതിട്ടയിലെ ഒരു നിയോജക മണ്ഡലത്തില്‍ പോലും സുരേന്ദ്രന് ലീഡ് നേടാന്‍ സാധിച്ചില്ല. ശബരിമല നാമജപ സമരം ശക്തമായി നടന്ന പന്തളം ഉള്‍പ്പെടുന്ന അടൂര്‍ നിയോജക മണ്ഡലത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ച വീണാ ജോര്‍ജാണ് ഒന്നാമത് എത്തിയത്. ഇവിടെ അരലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചു എന്നത് മാത്രമാണ് സുരേന്ദ്രന് ആകെയുള്ള നേട്ടം. പി.സി ജോര്‍ജിന്റെ പൂഞ്ഞാറിലും, ജോര്‍ജിന് സ്വാധീനമുള്ള കാഞ്ഞിരപ്പള്ളിയിലും കാര്യമായ ചലനമുണ്ടാക്കാന്‍ സുരേന്ദ്രന് സാധിച്ചില്ല. ജോര്‍ജ് ഇഫക്ട് സുരേന്ദ്രന് ലഭിച്ചില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ശബരിമല സമരത്തിന്റെ പേരില്‍ മൂന്നു ലക്ഷം വോട്ടില്‍ എത്തിക്കാന്‍ സുരേന്ദ്രന് സാധിച്ചു എന്നത് മാത്രമാണ് ഇവിടെ ആകെയുണ്ടായ നേട്ടം.

പിസി ജോര്‍ജ്ജിന്റെ വരവോടെ പത്തനംതിട്ട മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിച്ചത്. എന്നാല്‍, മുന്നേറ്റം ഉണ്ടായില്ല എന്ന് മാത്രമല്ല പൂഞ്ഞാര്‍ മണ്ഡലത്തില്‍ സുരേന്ദ്രന് ആകെ ലഭിച്ചത് അയ്യായിരം വോട്ടുകള്‍ മാത്രമാണ്. ഇത് സുരേന്ദ്രനെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു എന്ന് മാത്രമല്ല ബിജെപിക്ക് ഇനി അവസരങ്ങള്‍ ഉണ്ടാകില്ല എന്ന് കൂടി തെളിയിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് നേടിയ മികച്ച ഭൂരിപക്ഷം ആയിരുന്നു എന്‍ഡിഎയില്‍ എടുക്കാന്‍ പ്രധാന കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ പൂഞ്ഞാറിലെയും ഈരാറ്റുപേട്ടയിലെയും മുസ്ലീമുകള്‍ ഉള്‍പ്പെട്ട ന്യൂനപക്ഷ ജനത പിസിയുടെ ബിജെപി അനുകൂല നിലപാടിനെതിരെ നിലയുറപ്പിച്ചതോടെ സ്വന്തം മണ്ഡലത്തില്‍ പോലും പിസിക്ക് സുരേന്ദ്രന് ലീഡ് വാങ്ങി നല്‍കാനായില്ല.അതേസമയം ഇടതു മുന്നണി സ്ഥാനാര്‍ഥി വീണ ജോര്‍ജ് സ്വന്തം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. മൂന്നു വര്‍ഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം വോട്ടാണ് സ്വന്തം തട്ടകത്തില്‍ വീണയ്ക്കു നഷ്ടമായത്. ജനപ്രിയ എം.എല്‍എ, മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ എന്ന പരിപാടിയുടെ അവതാരിക എന്നീ നിലകളില്‍ ശ്രദ്ധേയയായ വീണയെ പത്തനംതിട്ട പിടിക്കാന്‍ രംഗത്തിറക്കിയ സി.പി.എം സംസ്ഥാന നേതൃത്വത്തിനും കനത്ത തിരിച്ചടിയാണ്.2016 ലെ തെരഞ്ഞെടുപ്പില്‍ ആറന്‍മുളയില്‍ ആകെ പോള്‍ ചെയ്ത 160863 ല്‍ 64523 വോട്ടു നേടിയ വീണ 7646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ കെ. ശിവദാസന്‍നായരെ തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ 58868 വോട്ടു നേടിയ ആന്റോ ആന്റണിയോട് 6654 വോട്ടുകള്‍ക്കു പിന്നിലാണ് ആറന്‍മുള എം.എല്‍.എ. 12309 വോട്ടുകളാണ് വീണയ്ക്കു നഷ്ടമായത്. ബി.ജെ.പി സ്ഥാനാര്‍ഥി സുരേന്ദ്രനാകട്ടെ 2016-ല്‍ മത്സരിച്ച എം.ടി രമേശിനേക്കാള്‍ 12191 വോട്ടുകള്‍ കൂടുതല്‍ നേടാനുമായി. അതായത് വീണയ്ക്കു നഷ്ടമായ അത്രയും വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചെന്നു സാരം.സ്വന്തം മണ്ഡലത്തില്‍ പിന്നിലായെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനേക്കാള്‍ 2117 വോട്ടുകള്‍ക്കു മുന്നിലെത്താനായെന്ന് സിറ്റിംഗ് എം.എല്‍.എയ്ക്ക് ത്ല്‍ക്കാലം ആശ്വസിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 3127 വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ അധികമായി പോള്‍ ചെയ്തിരുന്നു.
വോട്ടിന്റ കണക്കുകള്‍ നിയോജക മണ്ഡലം തിരിച്ച്.