Friday, March 29, 2024
HomeCrimeപെൺകുട്ടിയ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ സിനിമ സ്റ്റൈലിൽ പോലീസ് പൊക്കി

പെൺകുട്ടിയ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ സിനിമ സ്റ്റൈലിൽ പോലീസ് പൊക്കി

ഹിന്ദി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു എറണാകുളം വടുതലയില്‍നിന്നു കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാധ്യായയെ പോലീസ് പൊക്കിയത് കഠിന ശ്രമത്തിനൊടുവില്‍. നോയിഡയിലെ ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാവിലെ ഒന്‍പതോടെയാണു കൊച്ചിയിലെത്തിച്ചത്. ഇയാളെ പിടികൂടാന്‍ പോലീസ് നടത്തിയ നീക്കങ്ങളും ഒരു സിനിമാക്കഥയെ വെല്ലും. സൈബർ സെല്ലിന്റെ സഹായത്തോടെ നോര്‍ത്ത് എസ്.ഐ. വിപിന്‍ ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

പ്രതിയെ പിടികൂടാന്‍ നോയ്ഡയിലെ പോലീസ് കാര്യമായി സഹായിച്ചില്ല. എന്നാല്‍ അവിടെയുള്ള വിവിധ മലയാളികള്‍ തുണയായി. മലയാളി സിബിഐ ഓഫീസര്‍ കിരണ്‍സിംഗിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പൊക്കിയത്. കൊച്ചി സൈബര്‍ സെല്‍ പ്രതിയുടെ മൊബൈല്‍ നമ്പര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. നോയ്ഡ പോലൊരു നഗരത്തില്‍ പ്രതി താമസിക്കുന്ന കെട്ടിടം കണ്ടെത്തുകയായിരുന്നു ഏറെ ദുഷ്‌ക്കരം. ഭാഷയും പ്രശ്‌നമായി. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വൈക്കം കാരന്‍ മനുവാണ് അപ്പോള്‍ സഹായവുമായി രംഗത്ത് വന്നത്.

മോചനദ്രവ്യം ചോദിച്ച പ്രതിയെ പണമെടുക്കാന്‍ പുറത്ത് വരുമ്പോള്‍ പിടികൂടാമെന്ന ധാരണയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൊണ്ട് അക്കൗണ്ടില്‍ കൂടുതല്‍ പണമിടീച്ചു. പിന്നീട് ഇയാളുടെ യഥാര്‍ഥ സ്ഥലം കണ്ടെത്താനും ഫോണ്‍നമ്പര്‍ സൈബര്‍സെല്‍ വഴി നിരന്തരം നിരീക്ഷിക്കാനുമായി മറ്റൊരു സ്ത്രീയെക്കൊണ്ടു സൗഹൃദം സ്ഥാപിപ്പിച്ചു. ഫോണ്‍വിളി തുടര്‍ന്നാലേ കൃത്യമായ സ്ഥലം കണ്ടെത്താനാകുമായിരുന്നുള്ളൂ. ഏറ്റവും അവസാനം പ്രതി പോലീസ് കരുതിയത് പോലെ തന്നെ പുറത്തിറങ്ങിയപ്പോള്‍ പിന്തുടര്‍ന്നു. ഒടുവില്‍ ഹോട്ടല്‍ മുറി ചവുട്ടിത്തുറന്നു പിടികൂടുകയായിരുന്നു.

പിടികൂടിക്കഴിഞ്ഞും ഒട്ടേറെ നൂലാമാല അഴിക്കേണ്ടി വന്നു. പ്രതിയെ കൊണ്ടുപോകാനുള്ള അനുമതി ഏറെ വൈകി കിട്ടിയത് ഹിന്ദിയിലായിരുന്നു. മെട്രോ ട്രെയിനില്‍ പ്രതിയെ വിലങ്ങണിയിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ കൈവിലങ്ങ് അഴിച്ച് കക്ഷത്തില്‍ വെച്ച് നടക്കേണ്ടി വന്നു. സിഐഎസ്എഫ് തടഞ്ഞപ്പോള്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ സിഐഎസ്എഫ് ഐജിയെ വിളിച്ച് സഹായിച്ചു. പിന്നീട് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയും നേടിയാണ് പ്രതിയെ വിലങ്ങണിയിച്ച് വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്.

അതേസമയം, പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. തന്നെ പ്രലോഭിപ്പിച്ചു തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കൊപ്പം രണ്ടുപേര്‍കൂടി ഉണ്ടായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ മൊഴി. താന്‍ ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. പെണ്‍കുട്ടിയെ ആവശ്യപ്പെട്ട് ഒരാള്‍ മഹേഷിനെ സമീപിച്ചിരുന്നതായി പോലീസിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, പെണ്‍കുട്ടിയുടെ എതിര്‍പ്പു കാരണം ഇയാള്‍ പിന്‍വാങ്ങുകയായിരുന്നുവെന്നു നോര്‍ത്ത് എസ്.ഐ. വിപിന്‍ ദാസ് പറഞ്ഞു. ഫോണ്‍ കോളുകളുടെ വിശദമായ അന്വേഷണത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പോലീസ് കരുതുന്നത്. പ്രതിയുടെ ഫോണിന്റെ ശാസ്ത്രിയ പരിശോധന നടത്തും.

ചോദ്യം ചെയ്യലില്‍ മഹേഷിനു നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായി പോലീസിനു തെളിവുകള്‍ ലഭിച്ചു. പ്രതിയില്‍നിന്നു പിടിച്ചെടുത്ത ഫോണില്‍ കൊച്ചിയില്‍നിന്നു തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിരവധി സ്ത്രീകളുമായി പ്രതി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കാമുകിയെന്നു പോലീസ് സംശയിക്കുന്ന രാജസ്ഥാന്‍ സ്വദേശിനിയെ ആയിരത്തിലേറെ തവണ വിളിച്ചതായും കണ്ടെത്തി.

ഉത്തര്‍പ്രദേശില്‍നിന്നു 15 വര്‍ഷം മുന്‍പു കൊച്ചിയിലേക്കു കുടിയേറിയ കുടുംബമാണു പെണ്‍കുട്ടിയുടേത്. പെണ്‍കുട്ടിക്കു നേരിടേണ്ടിവന്നതു ക്രൂരമായ പീഡനങ്ങളാണെന്നാണു പോലീസ് പറഞ്ഞു. രക്ഷപ്പെടുത്താന്‍ അല്‍പം താമസിച്ചിരുന്നെങ്കില്‍ പ്രതി പെണ്‍കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്കു വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു. എസ്.എസ്.എല്‍.സിവരെ പഠിച്ച പെണ്‍കുട്ടിയെ മൂന്നു മാസം മുമ്പ് ഫെയ്‌സ്ബുക്ക് ചാറ്റിലൂടെയാണു പ്രതി മഹേഷ് പരിചയപ്പെട്ടത്. ഹിന്ദി സിനിമാ നിര്‍മാതാവ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങിയ പെണ്‍കുട്ടി മാതാപിതാക്കളെയും ഈ ആവശ്യത്തിനായി നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്നു കഴിഞ്ഞ 15നു മംഗളൂരുവിലെത്തി മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മഹേഷിനെ ഏല്‍പിച്ചു മടങ്ങി. ട്രെയിന്‍മാര്‍ഗം ആദ്യം ഡല്‍ഹിയിലും പിന്നീട് നോയിഡയിലേക്കും പെണ്‍കുട്ടിയെ മഹേഷ് കൊണ്ടു പോവുകയായിരുന്നു.

ഹോട്ടലില്‍ മുറിയെടുത്തശേഷം സിനിമയുടെ ആവശ്യത്തിനെന്നു പറഞ്ഞു പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളെടുക്കുകയും ബലപ്രയോഗത്തിലൂടെ െലെംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഒരു സംവിധായകന്‍ വരുമെന്നും അയാള്‍ പറയുന്നത് പോലെ ചെയ്താല്‍ സിനിമയില്‍ അഭിനയിക്കാമെന്നും ഇയാള്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ എതിര്‍പ്പു കാരണം ഇയാള്‍ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നു 17ന് പെണ്‍ കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കളോട് പ്രതി രണ്ടു ലക്ഷം ആവശ്യപ്പെട്ടു. തുക നല്‍കിയില്ലെങ്കില്‍ കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്കു വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ലക്കി ശര്‍മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 57,000 രൂപയായിരുന്നു. പോലീസിന് കൂട്ടത്തില്‍ പരാതിയും നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments