ആധാർ – പാൻ കാർഡ് ബന്ധിപ്പിക്കൽ തീയതി നീട്ടണമെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാർ–പാൻ ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ ജനങ്ങൾക്കു പ്രയാസം നേരിടുന്നതായി ഐടി മിഷൻ സംസ്ഥാന സർക്കാരിനു കത്തു നൽകിയതിനെത്തുടർന്നാണു നടപടി. ഒരു മാസമെങ്കിലും സമയം നീട്ടി നൽകണമെന്നാണു ആവശ്യം.
കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു സംസ്ഥാന സർക്കാർ ഇന്നു കത്ത് കൈമാറും. ഈ മാസം 30ന് ആധാർ–പാൻ ലിങ്കിങ് പൂർത്തിയാക്കണമെന്നാണു കേന്ദ്ര നിർദേശം. ആധാർ– പാൻ കാർഡുകളിലെ രേഖകളിലെ വ്യത്യാസം കാരണം ബന്ധിപ്പിക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ അക്ഷയകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും സർക്കാരിനു കൈമാറിയ കത്തിൽ ഐടി മിഷൻ ചൂണ്ടിക്കാട്ടുന്നു.
‘ആധാറിലെയും പാനിലെയും വിവരങ്ങൾ ഒന്നാണെങ്കിൽ മാത്രമേ ബന്ധിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. പാനിലെയും ആധാറിലെയും പേരിലും മേൽവിലാസത്തിലും ജനനത്തീയതിയിലും വ്യത്യാസമുള്ളതായി ചൂണ്ടിക്കാണിച്ചു നിരവധി പേരാണ് അക്ഷയ കേന്ദ്രങ്ങളിലെത്തുന്നത്. തിരുത്തൽ നടപടികൾക്കായി ജനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്. പാനിലെയും ആധാറിലെയും വിവരങ്ങളിൽ മാറ്റമുള്ളതിനാൽ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് വഴിയും ബന്ധിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ സമയം നീട്ടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം’– ഐടി മിഷന്റെ കത്തിൽ വ്യക്തമാക്കുന്നു.
ആധാറിലെ തെറ്റുകൾ തിരുത്താൻ കൂടുതൽ ആളുകളെത്തിയതോടെ സോഫ്റ്റ്‌വെയറിൽ ഉണ്ടായ പ്രശ്നങ്ങളും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അനുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കി.