ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

jarkhand

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിയായ ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ജൂണ്‍ 18നാണ് ഖാര്‍സ്വാനില്‍ തബ്രിസ് അന്‍സാരി എന്ന 24കാരനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്കു പോകുകയായിരുന്ന തബ്രിസിനെ ഒരു സംഘം തടഞ്ഞുനിറുത്തുകയും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

തബ്രിസിനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. മര്‍ദ്ദനത്തിനിടെ ‘ജയ് ശ്രീരാം’ എന്ന് പറയാന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദനത്തെതുടര്‍ന്ന് തബ്രിസ് അബോധാവസ്ഥയിലായതിനു ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. നാലു ദിവസത്തിനു ശേഷം പൊലീസ് ആശുപത്രിയിലെത്തിച്ച തബ്രിസ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

കസ്റ്റഡിയിലിരിക്കെ ചികിത്സ നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും പൊലീസ് തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മതത്തിന്റെ പേരിലാണ് തബ്രിസിനു നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.