ഷിക്കാഗോ : ഷിക്കാഗോ സിറ്റിയില്‍ പിതൃദിന വാരാന്ത്യത്തില്‍ നടന്ന വെടിവയ്പ്പില്‍ പരുക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടേയും എണ്ണത്തില്‍ വര്‍ധനവ്. പിതൃദിന വാരാന്ത്യത്തില്‍ നടന്ന വെടിവയ്പ്പില്‍ 14 പേര്‍ മരിച്ചു. 104 പേര്‍ക്കു വെടിയേറ്റിരുന്നു. 2020 വാരാന്ത്യങ്ങളില്‍ ഷിക്കാഗോ തെരുവീഥികളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ വലുതാണ് പിതൃദിനവാരാന്ത്യത്തില്‍ ഉണ്ടായിരിക്കുന്നത്. 2012 നു ശേഷം ഉണ്ടായ ഏറ്റവും ഭീകരമായ വാരാന്ത്യം. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ 18 വയസ്സിന് താഴെയുള്ളവരും, അതില്‍ തന്നെ 5 കുട്ടികളും ഉള്‍പ്പെടുന്നു.

ഡാലസിലെ മുന്‍ പൊലീസ് ചീഫ് അടുത്തിടെയാണ് ഷിക്കാഗോ സിറ്റി പൊലീസ് സൂപ്രണ്ടായി നിയമിതനായത്. ഷിക്കാഗോ തെരുവുകളില്‍ ധാരാളം കുറ്റവാളികള്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്നു സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. പിതൃദിനത്തില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ കുറ്റവാളികളെ മോണിറ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം വര്‍ധിപ്പിച്ചു കുറ്റകൃത്യങ്ങള്‍ തടയുകയേ മാര്‍ഗമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നു വയസ്സുകാരി വെടിയേറ്റു കൊല്ലപ്പെട്ടിട്ടുണ്ട്. പിതാവിനെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെങ്കിലും കുട്ടിയുടെ ശരീരത്തിലാണ് വെടിയുണ്ട തറച്ചത്.