Tuesday, April 16, 2024
HomeKeralaചെങ്ങന്നൂര്‍ മേഖല കേന്ദ്രീകരിച്ച്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 4000 പേർ

ചെങ്ങന്നൂര്‍ മേഖല കേന്ദ്രീകരിച്ച്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 4000 പേർ

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ 4000 പേരുടെ സന്നദ്ധ സംഘങ്ങള്‍ ഒരുങ്ങുന്നു. ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലുംനിന്നുള്ള സന്നദ്ധ സംഘം ചെങ്ങന്നൂര്‍ മേഖല കേന്ദ്രീകരിച്ച്‌ ശുചീകരണ പ്രവര്‍ത്തനം നടത്തും. 25 ഓഗസ്റ്റ് മുതല്‍ ഈ മാസം 30 വരെശുചീകരണ പ്രവര്‍ത്തനം നടത്താനാണു ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. പ്രളയബാധിത ജില്ലകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ലയുടെ പങ്കാളിത്തം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലുംനിന്ന് 25 മുതല്‍ 50 വരെ അംഗങ്ങളടങ്ങുന്ന സംഘമാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നത്. മണ്‍വെട്ടി, പിക്കാസ്, വെട്ടുകത്തി, ജനറേറ്റര്‍, പവര്‍ സ്പ്രേ, പമ്ബ്, ശുചീകരണ വസ്തുക്കള്‍, ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവയുമായി പോകുന്ന സംഘം രണ്ടു ദിവസം അവിടെ തങ്ങിയാകും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്ലംബര്‍മാര്‍, ഇലക്‌ട്രീഷ്യന്‍ തുടങ്ങിയവരും സംഘത്തിലുണ്ടാകും. ഇവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പിനും മറ്റ് ആരോഗ്യ സുരക്ഷാ കാര്യങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ഏതൊക്കെ സ്ഥലങ്ങളിലാകും ഓരോ പഞ്ചായത്തും ശുചീകരണം നടത്തേണ്ടതെന്ന കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തീരുമാനിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ദൗത്യത്തില്‍ പങ്കെടുക്കണം. ശുചീകരണ ജോലികള്‍ക്കു വേണ്ടിവരുന്ന ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ ശ്രമിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘം പ്രവര്‍ത്തിക്കും. ഇവരുടെ മേല്‍നോട്ടത്തിലാകും ശുചീകരണ -ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലയില്‍ മഴക്കെടുതിമൂലമുണ്ടായ സ്ഥിതിഗതികളും ചര്‍ച്ചചെയ്തു. ജില്ലയില്‍ തൃപ്തികരമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു യോഗം വിലയിരുത്തി. വീട് നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ ഈ മാസം 30നകം ലഭ്യമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ചുതലപ്പെടുത്തി.ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍(ഡിസാസ്റ്റര്‍ മാനേജ്മെന്റ്) അനു നായര്‍, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments