ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിച്ചു; സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

വാഹനാപകടത്തിനിടെ കാറിന്റെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ തോമസ് ജോര്‍ജിന്റെയും ഡ്യൂറോഫ്‌ലെക്‌സ് ചെയര്‍മാന്‍ ജോര്‍ജ് എല്‍.മാത്യുവിന്റെ മകളായ മറിയത്തിന്റെയും മകന്‍ ജോഹനാണ് മരിച്ചത്.

ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ജോഹന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ തോമസും മറിയവും ഇളയമകള്‍ ദിയയും ചികിത്സയിലാണ്.

സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലും മുറുകി ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റാണ് ജോഹന്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ജോഹന്റെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകിയതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. അതേസമയം മറ്റു പരുക്കുകളൊന്നുമില്ല.

അപകടത്തില്‍ മുന്‍ഭാഗത്തെ എയര്‍ ബാഗുകള്‍ പുറത്തുവന്നതിനാലാണ് തോമസ് ജോര്‍ജും മറിയവും രക്ഷപ്പെട്ടത്. എന്നാല്‍ ജോഹന്‍ ഇരുന്ന ഭാഗത്തെ ഭാഗത്തെ എയര്‍ ബാഗ് പുറത്തു വന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.മറ്റു വാഹന യാത്രക്കാർ, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്നാണ് പരുക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

വിദഗ്ധ ചികിത്സയ്ക്കായി 3 പേരെയും കൊച്ചിയിലേക്കു മാറ്റുകയായിരുന്നു. പോസ്റ്റ്മോർട്ടം ചേർത്തല താലൂക്ക് ആശുപത്രിയിൽ നടത്തി. മൃതദേഹം അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ മാർത്താണ്ഡത്തുനിന്നു പെരുമ്പാവൂരിലേക്കു തടിയുമായി പോയ ലോറിയുമായാണ് ഇടിച്ചത്.