‘മതേതരത്വം’ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും ആ വാക്ക് മാറ്റാന്‍ ഒരു ഭൂരിപക്ഷ സര്‍ക്കാരിനും സാധിക്കില്ലെന്നും സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ഭരണഘടനയില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്തത് പോലെ ചെയ്യാന്‍ സാധിക്കില്ല.
മതേതരത്വം എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്ന് 13 അംഗ ജഡ്ജിമാരുടെ ബെഞ്ച് വിധിച്ചതാണ്.അതിനാല്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടാണെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയില്‍ ‘മതേതരത്വം’ എന്ന വാക്ക് ഭേദഗതി ചെയ്ത് ചേര്‍ത്തത് അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ അല്ലാതെ മറ്റെവിടെയും ഇത് കാണാന്‍ സാധിക്കില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 ഭേതഗതി ചെയ്തത് പോലെ ഇത് നീക്കം ചെയ്യാന്‍ സാധിക്കില്ല.
ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ 15 അംഗ ജഡ്ജിമാരുടെ ബെഞ്ച് വേണം. ‘ഇന്ത്യ എന്ന രാജ്യം ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്. ഈ കാര്യങ്ങള്‍ എല്ലാം രാജ്യത്തിന്റെ അടിസ്ഥാനമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ പിന്നെയത് ഒരു ഭൂരിപക്ഷ സര്‍ക്കാരിനും ഭരണഘടനയില്‍ നിന്ന് ഇക്കാര്യം മാറ്റാന്‍ സാധിക്കില്ല. അതിനാലാണ് പാര്‍ലമെന്റിന് മാറ്റം വരുത്താന്‍ സാധിക്കുന്നതും എന്നാല്‍ തീരെ പറ്റാത്തതുമായ കാര്യങ്ങളുണ്ടെന്ന് കോടതി പറഞ്ഞത്.
നിലവില്‍ ഭാഗ്യവശാല്‍ ‘മതേതരത്വം’ എന്നത് മാറ്റാന്‍ പറ്റാത്തവയില്‍പ്പെട്ടതാണ്. ‘ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യാ കാത്തലിക്ക് യൂണിയന്‍ സംഘടിപ്പിച്ച ‘കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് മൈനോറിറ്റി റൈറ്റ്‌സ് ഓഫ് ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നമ്മുടെ അയാള്‍ രാജ്യമായ നേപ്പാള്‍ ഭരണഘടനയില്‍ ആ രാജ്യം ‘മതേതരം’ ആണെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഹിന്ദു സമൂഹത്തിന് പ്രത്യേക പദവി നല്‍കിയതായി പ്രൊഫസര്‍ അചിന്‍ വനൈക് പറഞ്ഞു.
ഇന്ത്യയില്‍ ‘മതേതരത്വം’ എന്ന വാക്ക് ഭരണ ഘടനയില്‍ നിന്നും എടുത്തുകളയാന്‍ ബുദ്ധിമുട്ടാണെങ്കിലും മറ്റു മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. അതായത് ഭരണഘടനയെ സുപ്രീംകോടതി എങ്ങനെ വ്യഖ്യാനിക്കുമെന്നത് പോലെയാണ്.
നിലവില്‍ ഇന്ത്യയിലെ സുപ്രീംകോടതിയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് വെച്ച് നോക്കുമ്പോള്‍ വിവിധ തരത്തിലുള്ള വ്യഖ്യാനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല’ പ്രൊഫസര്‍ അചിന്‍ വനൈക് പറഞ്ഞു.