മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി (66) അന്തരിച്ചു. രണ്ടാഴ്ചയായി ഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു. ഉച്ചയ്ക്ക് 12.07നായിരുന്നു അന്ത്യം. ഭൗതികശരീരം ഡല്‍ഹി കൈലാഷ് കോളനിയിലെ വസതിയിലേക്കു കൊണ്ടുപോയി. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്കു ശേഷം നിഗംബോധ്ഘട്ടിലെ ശ്മശാനത്തിലാണു സംസ്‌കാരം. സംഗീത ദോഗ്രയാണു ഭാര്യ. സോണാലി, രോഹൻ എന്നിവർ മക്കളാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന്‍, കുറച്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. വാജ്‌പേയി സര്‍ക്കാരിലും ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിലും മന്ത്രിയായും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1998-2004 കാലത്ത് എ ബി വാജ്പേയ് മന്ത്രിസഭകളില്‍ സഹമന്ത്രിയായും കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് അടക്കം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2014 – 2019 കാലത്ത് മോദി സർക്കാരിൽ ധന, പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ജയ്റ്റ്‌ലി തന്നെ, മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കരുത് എന്ന് രണ്ടാം മോദി മന്ത്രിസഭയുടെ രൂപീകരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
എയിംസിലും യുഎസിലെ ആശുപത്രിയിലുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. വൃക്കയുടെ തകരാറും ആരോഗ്യനില മോശമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ജയ്റ്റ്‌ലിക്ക് കഴിഞ്ഞിരുന്നില്ല. പിയൂഷ് ഗോയലാണ് ജയ്റ്റ്‌ലിക്ക് പകരക്കാരനായത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റ് ആണ്. ഡൽഹി സർവകലാശാല വിദ്യാർഥിയായിരിക്കെ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നത്.
ജയപ്രകാശ് നാരായണന്‍ ആരംഭിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ പങ്കാളിയായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽശിക്ഷ അനുഭവിച്ചു. ആഭ്യന്തര സുരക്ഷാനിയമ പ്രകാരം അടിന്തരാവസ്ഥയുടെ 19 മാസം കരുതൽ തടങ്കലിലായിരുന്നു അദ്ദേഹം.
1991 മുതൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗമാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിംഗിനോട് പരാജയപ്പെട്ടു. എന്നാൽ രാജ്യസഭാംഗമായി മോദി സർക്കാരിന്റെ ഭാഗമായ അദ്ദേഹം ധന, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു.
മികച്ച അഭിഭാഷകനായും അറിയപ്പെട്ടിരുന്ന അദ്ദേഹം സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989ൽ വി.പി.സിംഗ് സര്‍ക്കാരിന്റെ കാലത്ത്
അഡീഷണൽ സോളിസിറ്റർ ജനറൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.