നാലാം ഭാര്യയെ മൊഴി ചൊല്ലി 16കാരിയെ വിവാഹം ചെയ്ത കല്യാണ വീരന്‍ ഏഴാം മൈലിലെ ഉമ്മര്‍ പെണ്‍കുട്ടിയുടെ പിതാവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. നിയമപ്രകാരം വിവാഹം ചെയ്ത നാലാം ഭാര്യയെ മൊഴി ചൊല്ലിയ ശേഷമാണ് മൈസൂര്‍ ശൈലിയില്‍ കല്യാണം നടത്തിയത്. നിര്‍ദ്ധന കുടുംബത്തിലെ സുന്ദരിയും 20 വയസ്സിന് താഴെയുള്ളവരുമായ പെണ്‍കുട്ടികളാണ് ഉമ്മറിന് പ്രിയം. അല്പകാലത്തിനു ശേഷം ഇവരെ പണം കൊടുത്ത് പറഞ്ഞ് വിടുകയും ചെയ്യും. നേരത്തേയും മൈസൂര്‍ ശൈലിയിലുള്ള വിവാഹം ഇയാള്‍ കഴിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വന്‍ തുകയും വീടും മറ്റും നല്‍കുന്നതിനാല്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി പെടാറുമില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹം ചെയ്ത് ഉമ്മര്‍ ഏഴാം മൈലില്‍ കൊണ്ടു വന്നത്. ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതിനാല്‍ വീട്ടിലിട്ട് പീഡിപ്പിക്കുകയായിരുന്നു. ബംഗളൂരുവില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വീടും അച്ഛന് ഓട്ടോറിക്ഷയും നല്‍കി പ്രലോഭിപ്പിച്ചാണ് പ്രവാസി ധനാഢ്യനായ ഉമ്മര്‍ സുന്ദരിയായ പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടു വന്നത്. മാതാപിതാക്കള്‍ക്ക് പണവും മറ്റ് സൗകര്യവും നല്‍കിയാണ് തന്നെ വിലക്കു വാങ്ങിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ഇപ്പോള്‍ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കയാണ്. കൊട്ടാര സമാനമായ വീട്ടില്‍ നിന്നും ഏറെ സമയത്തെ തിരച്ചിലിന് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസിന് ആദ്യമൊന്നും ചെയ്യാനായില്ല. ഒടുവില്‍ വനിതാ പൊലീസിന്റെ അനുനയത്തില്‍ പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.