പാക്കിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്ത്

terrorism

പാക്കിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കയാണ്. ഇപ്പോൾ തൊട്ടു പിന്നാലെ പാക്ക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് പേര് മാറ്റി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീർ എന്ന പേരിലാകും ഇനിമുതൽ സംഘടന അറിയപ്പെടുക. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം. പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങൾക്കു നേരേ രാജ്യാന്തര സമ്മർദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്നാണ് പേരുമാറ്റമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ ഏജൻസിയാണ് പേരുമാറ്റം കണ്ടെത്തിയത്.കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുല്‍വാമ ആക്രമണത്തിനു ശേഷമാണ് മസൂദ് അസ്‌ഹറിനെതിരെയുള്ള നീക്കം ഇന്ത്യ ശക്തമാക്കിയത്. മേയ് 1 2019ൽ ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് മസൂദ് അസ്ഹറിനെ യുഎൻ സുരക്ഷാ സമിതി രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പേര് മാറ്റിയെങ്കിലും മസൂദ് അസഹറിന്റെയും മറ്റുഭീകരരുടെയും ഇടപെടലുകൾ ജയ്ഷെ മുഹമ്മദിൽ ശക്തമാണെന്നു ഇന്ത്യന്‍ ഭീകരവിരുദ്ധ ഏജന്‍സികള്‍ വ്യക്തമാക്കി.ബാലകോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ബാലാകോട്ടിൽ മിന്നലാക്രമണത്തിലൂടെ തകര്‍ത്ത ജയ്ഷെ ഭീകര ക്യാംപ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് ബാലാകോട്ടിൽ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ ജയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ഇന്ത്യ സൈനിക നീക്കം നടത്തിയത്.