Saturday, April 20, 2024
HomeKeralaഉപതെരഞ്ഞെടുപ്പുകള്‍ക്കായി ആകെ 896 പോളിംഗ് സ്റ്റേഷനുകൾ

ഉപതെരഞ്ഞെടുപ്പുകള്‍ക്കായി ആകെ 896 പോളിംഗ് സ്റ്റേഷനുകൾ

കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കായി ആകെ 896 പോളിംഗ് സ്റ്റേഷനുകളുണ്ടായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.
മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 24നാണ് വോട്ടെണ്ണല്‍.

സെപ്റ്റംബര്‍ 30 വരെ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ മൂന്നുവരെ പത്രിക പിന്‍വലിക്കാം. മഞ്ചേശ്വരത്ത് 198, എറണാകുളത്ത് 135, അരൂരില്‍ 183, കോന്നിയില്‍ 212, വട്ടിയൂര്‍ക്കാവില്‍ 168 വീതം പോളിംഗ് സ്റ്റേഷനുകളുണ്ട്.

ഇവിടങ്ങളില്‍ ഇത്തവണ ഏറ്റവും പുതിയതരം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളായ എം ത്രീയാണ് ഉപയോഗിക്കുന്നത്. മണ്ഡലങ്ങളില്‍ ആവശ്യമുള്ളതിന്റെ ഇരട്ടിയോളം വോട്ടിംഗ് മെഷീനുകള്‍ ലഭ്യമായിട്ടുണ്ട്. 1810 മെഷീനുകള്‍ ഉപതിരഞ്ഞെടുപ്പ് ഉപയോഗത്തിനായി ലഭ്യമായിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. തിരുവനന്തപുരം തലസ്ഥാന ജില്ലയായതിനാല്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ആ മണ്ഡലത്തില്‍ മാത്രമാണ്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമല്ല. പെരുമാറ്റച്ചട്ടം ബാധകമായ ജില്ലകളില്‍ എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി വഴി പുതിയ പദ്ധതികള്‍ ആരംഭിക്കാനോ പുതിയ ഫണ്ട് അനുവദിക്കാനോ സാധ്യമല്ല.
2019 ജനുവരിയിലെ വോട്ടര്‍പട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. എന്നാല്‍, ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതിക്ക് പത്ത് ദിവസം മുമ്ബ് വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച്‌ യോഗ്യമായവ സപ്ലിമെന്ററി പട്ടികയായി പുറത്തിറക്കും.

സെപ്റ്റംബര്‍ 24 ലെ കണക്കുപ്രകാരം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 2,14,099 പേരാണ്. ഇതില്‍ 1,06,529 പേര്‍ വനിതകളും 1,07,570 പേര്‍ പുരുഷന്‍മാരുമാണ്. എറണാകുളത്ത് ആകെ വോട്ടര്‍മാര്‍ 1,53,838 പേരാണ്. ഇതില്‍ 78,302 പേര്‍ വനിതകളും 75,533 പേര്‍ പുരുഷന്‍മാരും മൂന്നുപേര്‍ ട്രാന്‍സ്ജെന്‍ഡറുകളുമാണ്. അരൂരില്‍ 1,90,144 പേരാണ് ആകെ വോട്ടര്‍മാര്‍. ഇതില്‍ 96,751 പേര്‍ വനിതകളും 93,393 പേര്‍ പുരുഷന്‍മാരുമാണ്.

കോന്നിയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 1,95,738 ആണ്. ഇതില്‍ 1,03,223 പേര്‍ വനിതകളും 92,514 പേര്‍ പുരുഷന്‍മാരും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. വട്ടിയൂര്‍ക്കാവില്‍ 1,95,602 പേരാണ് ആകെ വോട്ടര്‍മാര്‍. ഇതില്‍ 1,02,252 പേര്‍ വനിതകളും 93,348 പേര്‍ പുരുഷന്‍മാരും രണ്ടുപേര്‍ ട്രാന്‍സ്ജെന്‍ഡറുകളുമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments