ഭാര്യയെ നിലവിളക്കിന് അടിച്ചുവീഴ്ത്തി കയ്യും കാലും കെട്ടിയ ശേഷം കുത്തിക്കൊന്ന സീരിയല്‍ സംവിധായകന് ജീവപര്യന്തം തടവ്. ബ്യൂട്ടീഷന്‍ അര്‍ച്ചന വധക്കേസില്‍ ഭര്‍ത്താവ് സീരിയല്‍ അസോസിയേറ്റ് ഡയറക്ടര്‍ ദേവന്‍ കെ പണിക്കറിന് (ദേവദാസ് (40) ആണ് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.
2009 ഡിസംബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം. ദേവദാസിന്റെ രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചനയെ നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം കയ്യും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. തൊഴുവന്‍കോട്ടുള്ള വാടകവീട്ടില്‍ വച്ചാണ് കൊലപാതകം നടത്തിയത്. കൈകാലുകള്‍ ബന്ധിച്ച് അഴുകി തുടങ്ങിയ നിലയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതക വിവരം പുറത്തറിയുന്നതിന് മുമ്പ് തൃശൂരിലെ സ്വന്തം വീട്ടില്‍ നിന്ന് പണവും വാങ്ങി മുങ്ങിയ പ്രതി കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി വിവിധ ആരാധനാലയങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സീരിയില്‍ രംഗത്തെ സുഹൃത്തിനെക്കൊണ്ട് പണം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അര്‍ച്ചനയും ദേവദാസും വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കുടുംബകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അര്‍ച്ചന വിവാഹമോചനത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഡിസംബര്‍ 28ന് ഇതേച്ചൊല്ലി ഇരുവരും വഴക്കുണ്ടാകുകയും ദേവദാസ് അര്‍ച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നു.