Reporter – പി.പി. ചെറിയാന്‍
ഡാലസ്: നവംബര്‍ 17 ന് അന്തരിച്ച കേരള അസോസിയേഷന്‍ ഓഫ് ഡാലസ് മുന്‍ പ്രസിഡന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ ചാക്കോ ജേക്കബ് ഡാലസ് മലയാളി സമൂഹത്തിന്റെ അഭിമാനവും വ്യത്യസ്ത വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. പൊതുവേദികളിലും ദേവാലയങ്ങളിലും ചാക്കോ ജേക്കബിന്റെ സാന്നിധ്യം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പട്ടാള സേവനത്തിന്റെ അംഗീകാരമായി ലഭിച്ച മെഡലുകളും ബാഡ്ജുകളും ധരിക്കാതെ ചാക്കോ ജേക്കബിനെ കാണുക അസാധ്യമായിരുന്നു. ഇന്ത്യന്‍ ആര്‍മി വയര്‍ലസ് സിഗ്‌നല്‍ ഡിവിഷനില്‍ 15 വര്‍ഷം ചാക്കോ ജേക്കബ് സേവനം അനുഷ്ഠിച്ചു.
1938 സെപ്റ്റംബര്‍ 18 ന് നിരണം കുറിചേര്‍ത്ത് എരമല്ലാടില്‍ ചാക്കോച്ചന്‍–ശോശാമ്മ ദമ്പതിമാരുടെ മകനായി ജനിച്ച ചാക്കോ ജേക്കബ് (കുഞ്ഞ്) 17–ാം വയസ്സിലാണ് മിലിട്ടറി സേവനത്തില്‍ പ്രവേശിച്ചത്. 1969 ല്‍ ചിന്നമ്മയെ വിവാഹം കഴിച്ച്, 1974 അമേരിക്കയിലേക്ക് കുടിയേറി.
ഡാലസിലെ മര്‍ത്തോമ്മാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. കേരള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് തിരഞ്ഞെടുത്തത് ചാക്കോ ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു. ലയണ്‍സ് ക്ലബ് ഇര്‍വിങ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ചാക്കോ ജേക്കബിന്റെ മരണം ഡാലസിലെ ക്രൈസ്തവ സമൂഹത്തിന് പ്രത്യേകിച്ചു മര്‍ത്തോമാ സഭക്കും ഡാലസ് കേരള അസോസിയേഷനും ലയണ്‍സ് ക്ലബിനും തീരാനഷ്ടമാണ്.
കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ചാക്കോ ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സെക്രട്ടറി ദാനിയേല്‍ കുന്നേല്‍ അറിയിച്ചു. നവംബര്‍ 23 വെള്ളി, 24 ശനി ദിവസങ്ങളില്‍ ഡാലസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ നടക്കുന്ന പൊതുദര്‍ശനവും, സംസ്കാര ശുശ്രൂഷകളും നടക്കും.