Saturday, April 20, 2024
Homeപ്രാദേശികംശബരിമല വാർത്തകൾ

ശബരിമല വാർത്തകൾ

ദേവപ്രശ്‌ന വിധി നടപ്പാക്കി ദേവസ്വം ബോര്‍ഡ്

ശബരിമല: ദേവപ്രശ്‌ന വിധി നടപ്പാക്കി ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ സന്നിധാനത്തും മാളികപ്പുറത്തും തിടപ്പള്ളിയിലും പരമ്പരാഗത ജലസ്രോതസായ മാളികപ്പുറം കൊക്കരണിയിലെ ജലമായിരിക്കും ഉപയോഗിക്കുക. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ദേവസ്വം മെമ്പര്‍ കെ.പി. ശങ്കരദാസ് നിര്‍വഹിച്ചു. മാളികപ്പുറം ക്ഷേത്രത്തിന്‍െ്‌റ മീനം രാശിയില്‍ സ്ഥിതിചെയ്യുന്ന ജലസ്രോതസാണിത്. 1956 ഏപ്രില്‍ 14 വരെ(കുന്നാര്‍ സ്രോതസില്‍നിന്നുള്ള ജലം എടുക്കുന്നതുവരെ) ഈ കൊക്കരണിയില്‍നിന്നുള്ള വെള്ളമാണു സന്നിധാനത്ത് ഉപയോഗിച്ചിരുന്നത്. പതിനെട്ടാം പടിയില്‍ ഭക്തര്‍ ഉപയോഗിക്കുന്നതും ഇതേ സ്രോതസില്‍നിന്നുള്ള വെള്ളമാണ്. കൊക്കണരിയില്‍നിന്നുള്ള വെള്ളം സന്നിധാനത്തു തന്ത്രിയുടെ മുറിക്കു മുകളിലുള്ള ഫില്‍റ്റര്‍ പ്ലാന്റിൽ ശുദ്ധീകരിച്ച് ശേഖരിക്കും. കഴിഞ്ഞ ദേവ പ്രശ്‌നത്തില്‍ മാളികപ്പുറം കൊക്കരണിയിലെ ജലം തന്നെ ശുദ്ധീകരിച്ച് പൂജകള്‍ക്കായി ഉപയോഗിക്കണമെന്നു വിധിച്ചിരുന്നു.

സന്നിധാനത്ത് ഭക്തജനത്തിരക്ക്

സന്നിധാനത്ത് ഭക്തജനത്തിരക്ക് വര്‍ധിച്ചു. ശനി, ഞായര്‍ അവധി ദിനങ്ങളായതിനാല്‍ ഇതരസംസ്ഥാന ഭക്തരുടെ എണ്ണത്തിലാണ് വര്‍ധനയുണ്ടായത്. തിരക്കു വര്‍ധിച്ചതിനാല്‍ പോലീസ് ചെക്ക് പോയിന്റില്‍ തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് ദര്‍ശനത്തിനു സൗകര്യമൊരുക്കി. വലിയ നടപ്പന്തലിലും മാളികപ്പുറത്തും ക്യൂവിലുള്ള ഭക്തര്‍ക്ക് ഔഷധവെള്ളം വിതരണം ചെയ്തു. സുഗമമായ ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ തൃപ്തികരമായി ദര്‍ശനത്തിന് സാധിച്ചൂവെന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പന്മാർ പറഞ്ഞു.

ഐ ജി സുരക്ഷാ പരിശോധന നടത്തി

സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള ഐ ജി വിജയ് സാഖ്‌റെ സുരക്ഷാ നടപടികള്‍ അവലോകനം ചെയ്തു. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്തി സുരക്ഷാ നടപടികള്‍ തുടരുമെന്ന് ഐ ജി പറഞ്ഞു. ക്രമീകരണങ്ങള്‍ സാങ്കേതികമായി ശക്തമാക്കും. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ഐ ജിയുടെ നേതൃത്വത്തില്‍ വിവിധ പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഭക്തരില്‍ നിന്ന് അഭിപ്രായം ചോദിച്ചറിഞ്ഞു. പോലീസ് തികച്ചും സൗഹാര്‍ദ്ദപരമായാണ് പെരുമാറുന്നതെന്നും സുഖദര്‍ശനം സാധിച്ചതില്‍ നന്ദിയുണ്ടെന്നും സന്നിധാനത്ത് ഐ ജിയുമായി അഭിപ്രായം പങ്കുവെച്ച ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ പറഞ്ഞു. സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതീഷ്‌കുമാര്‍, എ എസ് ഒ പ്രജീഷ് തോട്ടത്തില്‍ പോലീസ് സൂപ്രണ്ട് വിക്രം എന്നിവര്‍ ഐ ജി വിജയ് സാഖ്‌റയെ അനുഗമിച്ചു.

കെ.എസ്.ആര്‍.ടി.യുടെ സ്‌പെഷ്യല്‍ സര്‍വീസുകള്‍

ഭക്തജനങ്ങള്‍ക്ക് ശബരീശ സന്നിധിയിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ദിനംപ്രതി കൂടുതല്‍ പ്രയോജനകരമാകുന്നു. വെള്ളിയാഴ്ച(23-11-18) 144 ബസുകള്‍ പമ്പയിലേയ്ക്ക് എത്തിച്ചേര്‍ന്നു. 151 ബസുകള്‍ പമ്പയില്‍ നിന്നും സര്‍വീസ് നടത്തി. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് 604 സര്‍വീസുകള്‍ നടത്തി. ഇതില്‍ 143 എ.സി. ബസുകളും 442 നോണ്‍ എ.സി. ബസുകളും ഉള്‍പ്പെടുന്നു. 19 ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തി. ത്രിവേണിയില്‍ നിന്നും പമ്പയിലേയ്ക്ക് 24 മണിക്കൂറും സൗജന്യ സര്‍വീസും കെ.എസ്.ആര്‍.ടി.സി. നടത്തി വരുന്നു.

ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തി

സന്നിധാനത്തും പരിസരത്തും കൊതുകു നശീകരണത്തിന്‍െ്‌റ ഭാഗമായി ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വരും ദിവസങ്ങളിലും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments