പോര്‍ട്ടേജ് (ചിക്കാഗൊ): പോര്‍ട്ടേജില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ അഡ്രിയാന സോഡിഡൊ (27) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഗാരി എലിമെന്ററി സ്ക്കൂള്‍ ജിംനേഷ്യത്തില്‍ നവംബര്‍ 21 വ്യാഴാഴ്ച കണ്ടെത്തി.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കൗമാരപ്രായക്കാര്‍ക്കൊപ്പമാണ് ഇവരെ അവസാനമായി കണ്ടത്. കൗമാരക്കാരനില്‍ നിന്നു കഞ്ചാവു വാങ്ങുന്നതിനാണ് ആഡ്രിയാന എത്തിയത്. കാതറിന്‍ കോര്‍ട്ടിലുള്ള വീട്ടില്‍ നിന്നും കാറിലാണ് ആഡ്രിയാന ഇവരെ തേടി പുറപ്പെട്ടത്.
ഈ സംഭവത്തില്‍ തിയാ ബോമാന്‍ ലീഡര്‍ഷിപ്പ് അക്കാദമിയിലെ വിദ്യാര്‍ഥിയായ 15 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പതിനാറുകാരനും പൊലീസ് പിടിയിലായി. 17 കാരനായ മൂന്നാമനെ ഇതുവരെ പിടികൂടാനായിട്ടില്ല.
അഡ്രിയാന കൊല്ലപ്പെട്ടത് കൗമാരപ്രായക്കാരില്‍ ഒരാളുടെ കാറില്‍ വച്ച് വെടിയേറ്റാണെന്ന് പൊലീസ് വെളിപ്പെടുത്തി. കൊലപ്പെടുത്തിയശേഷം ഗാര്‍ഡിയിലുള്ള നോര്‍ട്ടണ്‍ എലിമെന്ററി സ്കൂള്‍ ജിംനേഷ്യത്തില്‍ ശരീരം ഉപേക്ഷിക്കുകയായിരുന്നു. 2005 മുതല്‍ ഈ സ്കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
ഗാരി പൊലീസ് മള്‍ട്ടി ഏജന്‍സി ഗാങ് യൂണിറ്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് ചീഫ് ട്രോയ്‌വില്യംസ് പറഞ്ഞു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ രണ്ടുപോരെ കൗണ്ടി !!ജുുവനയില്‍ ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു.