പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ;ചെലവ് 3,643.78 കോടിരൂപ

shivaji

പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മ​ഹാരാഷ്ട്ര സര്‍ക്കാര്‍. സുരക്ഷാക്രമീകരണങ്ങള്‍ സ്ഥലത്തിന്റെ സര്‍വെ എന്നിവ ഉള്‍പ്പടെയുള്ള ചെലവാകും ഈ തുകയെന്നും 2022-23തോടെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.നവംബര്‍ ഒന്നിനാണ് ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കിയത്. ഇതിനായി 3,700.84 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പ്രതിമ നിര്‍മ്മാണത്തിന് 3,643. 78 കോടിയേ ആവശ്യമായി വരികയുള്ളുവെന്നാണ് പറയുന്നത്. ഇത് നേരത്തെ നിശ്ചയിച്ചിരുന്നതിനെക്കാള്‍ 56.06 കോടി രൂപ കുറവാണ്. പ്രതിമ നിര്‍മ്മിക്കുന്നതിന് 2,581കോടി രൂപയാണ് ചെലവു വരിക. അതില്‍ 236 കോടി സുരക്ഷാക്രമീകരണങ്ങള്‍ക്കും 45 കോടി വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനുമാണ് ചെലവാകുന്നത്. കടല്‍ഭിത്തി നിര്‍മാണം 2019-20ല്‍ ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ശിവാജി പ്രതിമയുടെ ഉയരം 212ല്‍ നിന്ന് 230 മീറ്ററാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഛത്രപതി ശിവജി സ്മാരക പദ്ധതി പൂര്‍ത്തീകരണ നിരീക്ഷണ കോര്‍ഡിനേഷന്‍ സമിതിയുടെ ചെയര്‍മാനായ വിനായക് മീതെ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍‌ രാമപ്രതിമ നിര്‍മ്മിക്കാന്‍‌ തീരുമാനിച്ചതോടെയാണിത്. ശിവാജിയുടെ രൂപം, കുതിര, വാള്‍, അതു നില്‍ക്കുന്ന പ്ലാറ്റ്ഫോം എന്നിവ അടങ്ങുന്നതാണ് പ്രതിമയുടെ നിലവിലെ ഉയരമായ 212 മീറ്റര്‍. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരിക്കുന്നത്. ആഴക്കടലില്‍ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ച്‌ നാലു വശവും ശിവാജിയുടെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മതില്‍ തീര്‍ത്താണ് അതിനകത്ത് പ്രതിമ സ്ഥാപിക്കുന്നത്. സന്ദര്‍ശക ജെട്ടി, സന്ദര്‍ശകരുടെ വിശ്രമകേന്ദ്രം, മ്യൂസിയം, ആര്‍ട് ഗാലറി, ഭക്ഷണശാല, കാഴ്ചഗാലറി എന്നിവയും ഇവിടെയുണ്ടാകും.