യുവതികള്‍ക്ക് ശബരിമല ദർശനത്തിനു സാഹചര്യമൊരുക്കാൻ ഒരു വര്‍ഷമെങ്കിലും : നിരീക്ഷണ സമിതി

citinews

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ യുവതികള്‍ കൂടി ദര്‍ശനത്തിനെത്താനുള്ള സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് നിരീക്ഷണ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദര്‍ശനത്തിന് സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് രേഷ്മാ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്.മണ്ഡലകാലത്തിനു മുമ്ബും ശേഷവും യുവതികള്‍ ദര്‍ശനത്തിനെത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങേണ്ടി വന്നു. എന്നാല്‍,​ മലചവിട്ടുന്ന യുവതികളുടെ എണ്ണം എത്രയാകുമെന്ന് കൃത്യമായി പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതികള്‍ക്ക് പ്രാഥമിക സൗകര്യങ്ങളും അധിക പൊലീസ് സംരക്ഷണവും ഒരുക്കണം. പമ്ബയിലും നിലയ്ക്കലും സ്ഥിരം സൗകര്യങ്ങള്‍ ഒരുക്കാനും സമയം വേണം. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ശബരിമല മാസ്റ്റര്‍പ്ളാനിലും മാറ്റങ്ങള്‍ വേണ്ടിവരും- റിപ്പോര്‍ട്ട് പറയുന്നു.