ആദിവാസി യുവാവ് മധു മര്‍ദനമേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ 16 പ്രതികളെ റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കിയത്. മുക്കാലി സ്വദേശികളായ പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍(32), മണ്ണംപറ്റയില്‍ ജെയ്ജു മോന്‍(45), കുറ്റിക്കല്‍ സിദ്ദിഖ്(35), തൊടിയില്‍ ഉബൈദ്(25), പള്ളിശേരില്‍ രാധാകൃഷ്ണന്‍(34), ചോലയില്‍ അബ്ദുള്‍ കരീം(50), കുന്നത്തുവീട്ടില്‍ അനീഷ് (30), കിളയില്‍ മരക്കാര്‍ ഉണ്ണിയാല്‍(35), വറുതിയില്‍ നജീബ്(34), പുത്തന്‍പുരയ്ക്കല്‍ സജീവ്(30), ആനമൂളി പുതുവച്ചോലയില്‍ അബൂബക്കര്‍(32), പാക്കുളം സ്വദേശി ഹുസൈന്‍ മേച്ചേരില്‍(50), കള്ളമല സ്വദേശികളായ മുരിക്കടയില്‍ സതീശ്(39), ചരിവില്‍ ഹരീഷ്(34), ചരിവില്‍ ബിജു (41), വിരുത്തിയില്‍ മുനീര്‍(28) എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം, പട്ടികവര്‍ഗ പീഡന നിരോധന വകുപ്പ്, സാമൂഹികമാധ്യമങ്ങളില്‍ മര്‍ദനത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. എല്ലാ പ്രതികള്‍ക്കും കൊലപാതകത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടയില്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ തന്നെ നിയമിക്കുമെന്ന് മധുവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.