അര്‍ണബ് ഗോസ്വാമിക്ക് എതിരെ ശ്രീനഗര്‍ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

arnab goswami

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ ശ്രീനഗര്‍ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അര്‍ണബ് ഗോസ്വാമിക്കും മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെയാണ് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കശ്മീരിലെ മുന്‍മന്ത്രിയും പിഡിപി നേതാവും ആയ നയീം അക്തറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. അടിസ്ഥാനരഹിതമായ അഴിമതി ആരോപണം തനിക്കെതിരെ ഉന്നയിച്ച്‌ വാര്‍ത്ത നല്‍കി എന്നാണ് അക്തര്‍ ഉന്നയിച്ച പരാതി. ഈ പരാതി പ്രകാരം അര്‍ണബ് ഗോസ്വാമിയും മറ്റ് മാധ്യമപ്രവര്‍ത്തകരും കോടതിക്ക് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്ന. ഫെബ്രുവരി 9ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ അര്‍ണബും മാധ്യമപ്രവര്‍ത്തകരും കോടതിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറായില്ല. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കാശ്മീരില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ല എന്നാണ് അര്‍ണബ് ഗോസ്വാമിയുടെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ വാദം കോടതി തളളി.എല്ലാവരും കോടതിയില്‍ ഹാജരാകണം എന്നും ജാമ്യത്തുക കെട്ടിവെയ്ക്കണം എന്നും കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് മാര്‍ച്ച്‌ 23ന് അര്‍ണബ് അടക്കമുളളവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിക്കാന്‍ ശ്രീനഗര്‍ കോടതി പോലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടത്. അര്‍ണബ് ഗോസ്വാമിയെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ ആദിത്യ രാജ് കൗള്‍, സീനത്ത് സീഷാന്‍ ഫാസില്‍ സാകല്‍ ഭട്ട്, ബിജെപി നേതാവ് ഖാലിദ് ജഹാംഗീര്‍ എന്നിവരോടാണ് കോടതി ഹാജരാകാന്‍ ഉത്തരവിട്ടത്.