നെവാഡ: ഫെബ്രുവരി ആദ്യം നടന്ന ന്യുഹാംഷെയർ ഡമോക്രാറ്റിക് പ്രൈമറിയിൽ ഒന്നാം സ്ഥാനത്തെത്തുകയും അയോവ കോക്കസിൽ നേരിയ വ്യത്യാസത്തിന് ഇന്ത്യാന സൗത്ത് ബെന്‍റ് മുൻ മേയർ പിറ്റ്ബട്ടിംഗിനോട് പരാജയപ്പെടുകയും ചെയ്ത വെർമോണ്ട് സെനറ്റർ ബെർണി സാന്‍റേഴ്സ് (78) ശനിയാഴ്ച നടന്ന നെവാഡ കോക്കസിൽ വൻ വിജയം നേടി ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിന് പിടിമുറുക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വളരെ പിന്നിലായിരുന്ന മുൻ വൈസ് പ്രസിഡന്‍റ് ജൊ ബൈഡൻ നെവാഡയിൽ ബെർണി സാന്റേഴ്സിന്റെ തൊട്ടുപിറകിൽ സ്ഥാനം നേടി. നെവാഡയിൽ ബെർണിയുടെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. ലാറ്റിനൊ 30 ശതമാനം, ബ്ലാക്ക് 10 ശതമാനം ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റി എന്നിവരുടെ ഭൂരിപക്ഷ പിന്തുണ ബർണിക്ക് ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. രാത്രി വൈകിയും മുഴുവൻ റിസൽട്ടും പുറത്തുവന്നിട്ടില്ലെങ്കിലും ബെർണിയുടെ വൻ ലീഡ് മറികടക്കാനാവില്ലെന്നതാണ് യാഥാർഥ്യം.
നെവാഡ തെരഞ്ഞെടുപ്പിൽ മില്യനയർ ബ്ലുംബെർഗിന്‍റെ പേര് വോട്ടർ പട്ടികയിലില്ലായിരുന്നു. നെവാഡയിൽ വൻ വിജയം നേടുന്നതിന് സഹായിച്ച എല്ലാവരോടും ബെർണി സാന്‍റേഴ്സ് നന്ദി പറഞ്ഞു. ട്രംപിനെ നേരിടാൻ ബെർണി സാന്‍റേഴ്സ്തന്നെയായിരിക്കാം ഡമോക്രാറ്റിക് സ്ഥാനാർഥി എന്ന് മിക്കവാറും ഉറപ്പായിട്ടുണ്ട്.