Friday, April 19, 2024
HomeKeralaഹയര്‍സെക്കണ്ടറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നിട്ടുണ്ടോ ?

ഹയര്‍സെക്കണ്ടറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നിട്ടുണ്ടോ ?

രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. സംഭവത്തെകുറിച്ച് അന്വേഷിക്കുന്ന സൈബര്‍ സെല്ലും ക്രൈംബ്രാഞ്ചും പ്രാഥമിക കണ്ടെത്തല്‍ എന്തെന്ന് ഇതേവരെ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടില്ല. ചോര്‍ന്നില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പഴയ പരീക്ഷയുമായി മുന്നോട്ടുപോകാന്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിന് സാധിക്കൂ. ചോര്‍ന്നുവെന്നാണ് കണ്ടെത്തുന്നതെങ്കില്‍ വീണ്ടും പരീക്ഷ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനം അറിയിക്കാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആശങ്ക പരക്കുകയാണ്. ഫിസിക്‌സ് ചോദ്യങ്ങള്‍ വാട്‌സാപ്പിലൂടെ ലഭിച്ചുവെന്നു കരുതപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഉടമകളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരത്തെ സൈബര്‍ സെല്ലിനുപുറമേ എറണാകുളം സി.ബി.സി.ഐ.ഡി എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും തൃശൂരില്‍ അന്വേഷണം നടത്തുന്നുണ്ട്. പരീക്ഷക്ക് മുമ്പാണോ അതിനു ശേഷമാണോ ചോദ്യങ്ങള്‍ വാട്‌സാപ്പില്‍ ലഭിച്ചതെന്ന കാര്യത്തില്‍ പൊലീസിനു വ്യക്തത ഇല്ലാത്ത അവസ്ഥയാണ്. രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി ഫിസിക്‌സ് ചോദ്യപ്പേര്‍ ചോര്‍ന്നതിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. മാര്‍ച്ച് 21ന് നടന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ കൈ കൊണ്ട് എഴുതി തയാറാക്കിയ വിധത്തില്‍ 22ന് തൃശ്ശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് വാട്‌സാപ്പില്‍ സന്ദേശമായി ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം വിവരം ഹയര്‍സെക്കണ്ടറി ഡയരക്ടറേറ്റിലേക്ക് കൈമാറി. പരീക്ഷയുടെ ചോദ്യങ്ങളോട് സാമ്യമുള്ള ചോദ്യങ്ങളടങ്ങിയ വാട്‌സാപ്പ് സന്ദേശത്തിന്റെ നിജസ്ഥിതി അറിയുന്നതിനും സന്ദേശം പ്രചരിച്ചത് പരീക്ഷക്ക് മുമ്പാണോ ശേഷമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നത്. വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നാണ് ഹയര്‍സെക്കണ്ടറി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments