ഐസിയുവില്‍ കഴിഞ്ഞിരുന്ന 29കാരിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി

doctor rape

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ നഴ്‌സിങ് ഹോമിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 29കാരിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി.നാല് പുരുഷന്‍മാരും സ്ത്രീയും ഉള്‍പ്പെട്ട സംഭവത്തില്‍ ഡോക്ടറടക്കം മൂന്നു പേര്‍ പിടിയിലായി. ബാക്കിയുളളവര്‍ക്കായുളള തിരച്ചില്‍ തുടരുന്നു. പിടിയിലായ സ്ത്രീ നഴ്‌സാണ്. പീഡനത്തിനിരയായ യുവതിക്ക് ബോധരഹിതയാവാനുളള കുത്തിവയ്പ് നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ശ്വാസന സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് യുവതിയെ കഴിഞ്ഞ മാര്‍ച്ച് 21-നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയില്‍ കരളില്‍ കൊഴുപ്പ് നിറഞ്ഞതായി കണ്ടെത്തി. ശനിയാഴ്ചയാണ് യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്.അവിടെവച്ചു നഴ്‌സ് യുവതിക്ക് മയങ്ങാനുളള കുത്തിവയ്പ് നല്‍കി. തുടര്‍ന്ന് മൂന്നുപേര്‍ ചേര്‍ന്നു യുവതിയെ പീഡിപ്പിച്ചു. സംഭവത്തില്‍ നിയാസ് (20), അശോക് മാലിക് (35), ഷദാബ് (23), ലക്ഷ്മി (50) എന്നിവര്‍ക്കെതിരെ ഐപിസി 376 വകുപ്പു പ്രകാരം കേസെടുത്തു. സംഭവം നടന്നുവെന്നു കരുതപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി ക്യാമറ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.