പത്തനംതിട്ട ജില്ലയില്‍ രണ്ടുപേര്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇന്ന്(മാര്‍ച്ച് 25) ലഭിച്ച 32 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണ്. രണ്ടുപേരുടെ ഫലങ്ങളാണ് പോസിറ്റീവായത്. യു.കെ യില്‍ നിന്ന് മാര്‍ച്ച് 14ന് എത്തിയ ആള്‍ക്കും ദുബായില്‍ നിന്ന് മാര്‍ച്ച് 22ന് എത്തിയ ആള്‍ക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ദുബായില്‍ നിന്ന് എത്തിയ ആള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇതുവരെ കാണിച്ചിട്ടില്ല. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്രവങ്ങള്‍ എടുത്ത് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇയാളുടെ പരിശോധനാ ഫലം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും രോഗം വരുവാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രണ്ടുപേരില്‍ ഒരാള്‍ യു.കെ യില്‍ നിന്നു അബുദാബിക്കും അവിടെ നിന്നും കൊച്ചിക്കുമാണ് വിമാനത്തില്‍ യാത്ര ചെയ്തത്. രണ്ടാമന്‍ ദുബായില്‍ നിന്ന് ബാംഗ്ലൂരിലേക്കും അവിടെ നിന്നും തിരുവനന്തപുരത്തേക്കുമാണു വിമാനത്തില്‍ യാത്ര ചെയ്തത്. ഇരുവരുടേയും റൂട്ട് മാപ് അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 1360/20)