കോവിഡ് 19: ജില്ലയില്‍ ലോക്ഡൗണ്‍, നിരോധനാജ്ഞ ലംഘിച്ചതിന് 104 പേരെ അറസ്റ്റ് ചെയ്തു

കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍, നിരോധനാജ്ഞ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 104 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.  നിയമലംഘനത്തിന് 109 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിനും കടകള്‍ തുറന്നതിനും ആരാധനലായങ്ങളില്‍ ഒത്തുകൂടി ചടങ്ങുകള്‍ നടത്തിയതിനും വിവിധ സ്‌റ്റേഷനുകളിലായാണ് 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. ഒരു കാരണവശാലും നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്ന്  ജില്ലാ പോലീസ് മേധാവി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുത്ത് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടാകും. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് സാമൂഹ്യമായ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും നിരോധനാജ്ഞയോ, ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളോ ലംഘിക്കുവാന്‍ ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.  നിയമലംഘനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ തുടരും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ അന്വേഷണം നടത്തി ലോക്ഡൗണ്‍ കഴിയുന്നതുവരെ സ്റ്റേഷനുകളില്‍ തന്നെ സൂക്ഷിക്കും. സ്ഥിരമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ 107 സി.ആര്‍.പി.സി പ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.