ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി നിര്‍മ്മിക്കുന്ന നെല്ലിക്ക ജ്യൂസ് ആര്‍മി ക്യാന്റീനുകളില്‍ നിരോധിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ സൈനിക ക്യാന്റിനുകളിലെ വിതരണ വിഭാഗമായ ക്യാന്റീന്‍ സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഎസ്ഡി) ആണ് പതഞ്ജലി നെല്ലിക്കാ ജ്യൂസിന്റെ വില്‍പ്പന നിര്‍ത്തിവെച്ചത്. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് ജ്യൂസ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ മൂന്നിന് രാജ്യത്താകെയുള്ള ആര്‍മി ക്യാന്റീനുകളില്‍ ബാക്കിയുള്ള നെല്ലിക്കാ ജ്യൂസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് സിഎസ്ഡി കത്തയച്ചു. ബാക്കിയുള്ള സ്റ്റോക്ക് പതഞ്ജലിയെ തിരിച്ചേല്‍പ്പിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുവെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പതഞ്ജലി ഏറ്റവും ആദ്യം പുറത്തിറക്കിയ ഉത്പന്നങ്ങളിലൊന്നാണ് നെല്ലിക്കാ ജ്യൂസ്. മനുഷ്യന് ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലുള്ളതാണ് ജ്യൂസെന്നാണ് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് കണ്ടെത്തിയത്. 12 ലക്ഷത്തോളം സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഏകദേശം 5300 തരം ഉല്‍പ്പന്നങ്ങളാണ് ആര്‍മ്മി ക്യാന്റീനിലൂടെ വില്‍ക്കപ്പെടുന്നത്.