മൂന്നാറില്‍ മന്ത്രി എംഎം മണിക്കെതിരെ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കയ്യേറ്റം. പോലീസ് നടപടിയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തോട്ടം തൊഴിലാളിയും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകനുമായ കുമാര്‍(44) അബോധാവസ്ഥയില്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നല്ലതണ്ണി ഡിവിഷനിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകനാണ് ഇദ്ദേഹം.
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ സമരക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെ പോലീസ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കുമാറിനെ റോഡില്‍ വലിച്ചിഴയ്ക്കുകയും പുറത്ത് മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇദ്ദേഹം അബോധാവസ്ഥയിലായി.