മാവോയിസ്റ്റുകൾ റായിപൂരിലെ സുക്മയിൽ ആക്രമണം നടത്തുവാൻ ഉപയോഗപ്പെടുത്തിയത് സുക്മയിലെ നാട്ടുകാരെ തന്നെയായിരുന്നു. സർക്കാരിന്റെയും സൈന്യത്തിന്റെയും ഇടപെടൽ കുറഞ്ഞ പ്രദേശത്തെ ജനങ്ങളെ സ്വാധീനിക്കുക മാവോയിസ്റ്റുകൾക്ക് ക്ലേശമില്ലാത്ത കാര്യമായിരുന്നു.
നാട്ടുകാരെ ഉപയോഗിച്ച് കാലാപത്തറിലെ സി.ആർ.പി.എഫ് ക്യാമ്പ് അന്വേഷിച്ചു കണ്ടുപിടിച്ചായിരുന്നു ആക്രമണം. ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കൻ ബസ്തറിലെ സൈനിക ക്യാമ്പിനു നേരെ ആക്രമണം തുടങ്ങി. ഒളിച്ചു നിന്ന് വെടിയുതിർത്തത് 300 ഓളം മാവോയിസ്റ്റുകൾ, കറുത്ത യൂണിഫോമിൽ എത്തിയ ആക്രമികൾ എ.കെ 47 ഉം ഐ.എൻ. എസ്.എ. എസും ഉപയോഗിച്ച് ആക്രമണം ആരംഭിച്ചു. സൈനികരുടെ തിരിച്ചടിയിൽ ഏതാണ്ട് പന്ത്രണ്ടോളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെങ്കിലും നാശനഷ്ടം കൂടുതൽ സൈനിക പക്ഷത്തിനു തന്നെയായിരുന്നു.
കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന റോഡിന്റെ പണികൾ പുരോഗമിക്കവെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 12 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൈന്യത്തെയും സർക്കാരിനെയും വെല്ളുവിളിച്ചുകൊണ്ട് വീണ്ടും ആക്രമണം നടത്തിയത്.പ്രദേശത്തെ മാവോയിസ്റ്റ് അനുകൂല സംഘങ്ങളായ ‘സംഗം’ അംഗങ്ങളെ കൂട്ടുപിടിച്ചായിരുന്നു ക്യാമ്പ് നിലകൊള്ളുന്ന യഥാർത്ത സ്ഥലം അവർ കണ്ടെത്തിയതെന്ന് പരിക്കേറ്റ ജവാൻ ഷെയ്ക്ക് മുഹമ്മദ് പറഞ്ഞു.
പലപ്പോഴും സൈനികരിൽ നിന്നും രക്ഷ നേടാൻ മനുഷ്യമതിലായി മാവോയിസ്റ്റുകൾ ഉപയോഗിച്ചിരുന്നത് ഇവരെയായിരുന്നു. ദേശീയപാത 30 മായി സുക്മയെ ബന്ധിപ്പിക്കുന്ന ഇൻജിറാം- ഭേജി, ദോർണാപാൽ-ജഗർഗൊണ്ട റോഡുകൾ മാവോയിസ്റ്റുകൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. സുക്മയിലേക്കുള്ള റോഡു ഗതാഗതം തങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുമെന്ന് മനസിലാക്കിയതിനെ തുടർന്നാണ് മാവോയിസ്റ്റുകൾ ആഞ്ഞടിച്ചത്.