Friday, April 19, 2024
HomeCrimeഐറിഷ് വനിത ലിഗയുടെ മരണം കൊലപാതകമെന്ന് സൂചന

ഐറിഷ് വനിത ലിഗയുടെ മരണം കൊലപാതകമെന്ന് സൂചന

തിരുവല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിത ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹപരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം. ഇക്കാര്യം പോലിസിനെ അറിയിച്ചിട്ടുണ്ട്. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ വ്യക്തമാവു. അതേസമയം, മൃതദേഹം കണ്ടെത്തിയ ഒറ്റപ്പെട്ട പ്രദേശത്ത് കോവളത്തുണ്ടായിരുന്ന ലിഗ എങ്ങനെ എത്തിയെന്ന് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല മൃതദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇല്‍സ ഉറപ്പിച്ചുപറയുന്നു. ഇക്കാര്യത്തിലും കൃത്യമായി മറുപടി പറയാന്‍ കഴിയാതെ വന്നതോടെ സ്വാഭാവികമരണമെന്ന പോലിസ് വിശദീകരണത്തില്‍ ദുരൂഹതയേറുകയാണ്.അതിനിടെ ലിഗയുമായി ബന്ധപ്പെട്ട്് നിര്‍ണായക വെളിപ്പെടുത്തലുമായി ലിഗയെ ചികില്‍സിച്ചിരുന്ന ഡോക്ടറും യുവതിയെ കാണാതാവുന്ന ദിവസം അവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറും രംഗതെത്തി. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍ ഇതിനുവിരുദ്ധമായ മൊഴിയാണ് ലിഗയെ ചികില്‍സിച്ചിരുന്ന ഡോ.ദിവ്യയുടേത്. ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നില്ല അവര്‍ക്ക് വലിയ മാനസികപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ദിവ്യ വെളിപ്പെടുത്തി. ഫെബ്രുവരി 21നാണ് പോത്തന്‍കോട് ധര്‍മാ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗ മാനസിക നൈരാശ്യത്തിന് ചികില്‍സയ്‌ക്കെത്തുന്നത്. ലിഗ റിസോര്‍ട്ടിന് പുറത്ത് പുകവലിക്കാന്‍ പോകുന്ന പതിവുണ്ടായിരുന്നു. കാണാതായ ദിവസം രാവിലെ ലിഗ യോഗാ ക്ലാസില്‍ പങ്കെടുത്തില്ല. മൂന്നാഴ്ച്ച ലിഗയ്ക്ക് ചികില്‍സ നല്‍കിയെന്നും ഡോക്ടര്‍ പറഞ്ഞു. ലിഗയെ കാണാതായ ദിവസം പോത്തന്‍കോടുനിന്നും കോവളത്ത് അവരെ എത്തിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഷാജിയും ലിഗയുടെ പെരുമാറ്റത്തില്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. അന്നേദിവസം രാവിലെ 7:30ന് പോത്തന്‍കോടുള്ള റിസോര്‍ട്ടിന് മുന്നില്‍നിന്നായിരുന്നു ലിഗ ഷാജിയുടെ ഓട്ടോയില്‍ കയറിയത്. കോവളത്തിറങ്ങിയ അവര്‍ ഷാജിക്ക 800 രൂപ നല്‍കി. യാത്രയ്ക്കിടെ അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും യാത്രയ്ക്കിടയില്‍ തനിക്ക് സിഗരറ്റ് വലിക്കണമെന്ന് മാത്രാണ് ആവശ്യപ്പെട്ടതെന്നും ഷാജി പറഞ്ഞു. 1500രൂപയോളം കൈയിലുണ്ടായിരുന്ന ലിഗ മാര്‍ച്ച് 14ന് കോവളം ഗ്രോവ് ബീച്ചില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് എന്ത് സംഭവിച്ചു എന്നകാര്യത്തില്‍ പോലിസിന് ഉത്തരം മുട്ടുകയാണ്. മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് താന്‍ ലിഗയെ കോവളതെത്തിക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്ന നിര്‍ണായ വെളിപ്പെടുത്തലും ഷാജി നടത്തി. കോവളത്തെ കണ്ടല്‍ക്കാടുകളില്‍ നിന്നും കണ്ടെടുത്ത മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇല്‍സ പറഞ്ഞിരുന്നു. ലിഗ അപകടത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും ഇല്‍സ പറയുന്നു. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നു എസിപിമാരെ സംഘത്തിലുള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയി ഉയര്‍ത്തിയിട്ടുണ്ട്. മനോജ് എബ്രഹാം തന്നെ അന്വേഷസംഘത്തെ നയിക്കും. ലിഗ എങ്ങനെ തിരുവല്ലത്തെ കണ്ടല്‍ക്കാട് പ്രദേശത്ത് എത്തി, ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും അന്വേഷിക്കുക. മരിച്ചത് ലിഗയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഈ റിപോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തില്‍ വ്യക്തതവരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിനിടെ ലിഗയുടെ കുടുംബാംഗങ്ങളോട് ഏറ്റവും സഹാമുഭുതിയോടെയാണ് പോലീസ് ഇടപെട്ടിട്ടുള്ളതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പോലിസ് അറിയിച്ചു. വിക്ടിം ലെയ്‌സ ഓഫിസറായി കുടുംബത്തെ സഹായിക്കുതിന് ഡിജിപി യുടെ ടീമിലെ ഒരു ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. അവരെ അതിഥികളായി കണക്കാക്കി തിരുവനന്തപുരത്തെ പോലിസ് ക്ലബ്ബില്‍ നാല് ദിവസം താമസിപ്പിക്കുകയും ചെയ്തു. ഏറ്റവും മികച്ച മെഡിക്കോ ലീഗല്‍, ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശരിയായ മരണകാരണം കണ്ടെത്തുതിനുള്ള അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments