ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ജില്ലയില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് വന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ജില്ലയില്‍ ലോക്ക്ഡൗണിന് മുമ്പ് മാസത്തില്‍ രണ്ട് കൊലപാതക കേസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ലോക്ക്ഡൗണിന് ശേഷം അത് ഒന്നായി കുറഞ്ഞു. 331 റോഡ് അപകട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ 26 കേസുകള്‍ മാത്രമേ ജില്ലയിലെ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ഇതിന് കാരണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകള്‍ (പോക്സോ) ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കവര്‍ച്ച ഉള്‍പ്പെടെയുള്ള മോഷണ കേസുകളുടെ എണ്ണത്തിലും ഈ കാലയളവില്‍ കുറവുണ്ടായിട്ടുണ്ട്. രണ്ട് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ കണക്ക് പ്രകാരം ഇത് 20 ആയിരുന്നു. കവര്‍ച്ച, വാഹന മോഷണം തുടങ്ങിയവയും കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
17 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഒരു കേസുമാത്രമാണ് ഉള്ളത്. കൊലപാതക ശ്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോക്ക്ഡൗണിന് മുമ്പ് 14 കുറ്റകരമായ നരഹത്യാ ശ്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ലോക്ക്ഡൗണിന് ശേഷം ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും വന്‍തോതില്‍ കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള മാസം 37 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണിന് ശേഷം ഏഴ് കേസുകള്‍ മാത്രമായി ചുരുങ്ങി. പരിക്കേല്‍പ്പിക്കുന്നതിന് മുന്‍ മാസം റിപ്പോര്‍ട്ട് ചെയ്തത് 74 കേസുകളാണെങ്കില്‍ ഇപ്പോഴത് 21 കേസായി ചുരുങ്ങി.
മുന്‍പ് ഏഴ് വാഹനാപകട മരണങ്ങള്‍ സംഭവിച്ചിരുന്നിടത്ത് ലോക്ക്ഡൗണ്‍ കാലത്ത് ഒന്നായി ചുരുങ്ങി. 12 കേസുകള്‍ നിസാര പരിക്കേറ്റതിന് എടുത്ത സ്ഥാനത്ത് ഇപ്പോള്‍ കേസുകള്‍ ഒന്നും തന്നെയില്ല. 106 കേസുകളാണ് ഗുരുതരമായി പരിക്കേറ്റതിന് ലോക് ഡൗണിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ 12 കേസുകള്‍ മാത്രമാണുള്ളത്.
കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 129 അബ്കാരി കേസുകളെടുത്ത മുന്‍ മാസത്തെ അപേക്ഷിച്ച് 45 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. പച്ചമണ്ണ് കടത്തിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ആളുകളെ കാണാതായതിന് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ കുട്ടികളെ കാണാതായതിന് മുന്‍ മാസം അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലത്ത് ഒരു കേസുമാണ് എടുത്തത്.
അതേസമയം, ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലുമായി ലോക്ക്ഡൗണ്‍ നിയന്ത്രണ ലംഘനങ്ങള്‍ക്ക് വ്യാപകമായി കേസുകള്‍ എടുത്തിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം ജില്ലയില്‍ ഇത്തരത്തില്‍ 10107 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ഇനത്തിലുംപെട്ട 1598 കേസുകളായിരുന്നു കഴിഞ്ഞ കാലയളവില്‍ ഉണ്ടായിരുന്നത്. 8509 കേസുകള്‍ ലോക്ക് ഡൗണ്‍ കാലത്ത് വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ റെയ്ഡുകള്‍ ജില്ലയില്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.