ബേക്കറിയിലെ കേക്ക് മോശമായ ചുറ്റുപാടിൽ സൂക്ഷിച്ചിരുന്നുവെന്ന് വരുത്തി തീർക്കാൻ നഗരസഭയിലെ ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥൻ കാണിച്ച കള്ളത്തരം സിസിടിവി ക്യാമറയിൽ പതിഞ്ഞു. വ്യാജം കാട്ടിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹോട്ടൽ ഉടമയും അസോസിയേഷനുകളും കലക്ടർക്കും നഗരസഭയ്ക്കും നിവേദനം നൽകി രംഗത്തെത്തി.
കോട്ടയം നഗരത്തിലെ ഹോട്ടൽ ആര്യാസ് ഗ്രാന്റ് ബേക്കറിയിൽ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ കള്ളത്തരം വെളിപ്പെട്ടത്. അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനിടെ കേക്കുകൾ സൂക്ഷിക്കുന്ന റാക്കിൽ നിന്നു കേക്കുകൾ ഉദ്യോഗസ്ഥൻ നിലത്തേക്കു വലിച്ചിടുന്നതു ക്യാമറ ദൃശ്യം വ്യക്തമാക്കുന്നു. തുടർന്നു കേക്കുകൾ വൃത്തിഹീനമായി നിലത്ത് ഇരിക്കുകയാണ് എന്നുപറഞ്ഞു തുടർന്നു നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഇത്തരം സാഹചര്യം ഉണ്ടാവില്ലെന്നു ഉറപ്പുള്ളതിനാൽ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും കള്ളത്തരം കണ്ടെത്തുകയുമാണ് ചെയ്തതെന്നു കടയുടമ പറയുന്നു. കടകളിൽ എത്തിയവരെയെല്ലാം ടിവിയിലൂടെ ഇൗ ദൃശ്യങ്ങൾ കാണിച്ചു കടയുടമ സംഭവം വിവരിക്കുകയും ചെയ്തു.