രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് ഹൈവേയില്‍ ആയുധധാരികളായ ഏഴംഗ സംഘം, കുടുംബത്തെ കൊള്ളയടിച്ച ശേഷം നാലു സ്ത്രീകളെ മാനഭംഗപ്പെടുത്തി. ഒരാളെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. യുപിയിലെ ജുവാര്‍ എന്ന സ്ഥലത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരത അരങ്ങേറിയത്. നോയിഡയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ യമുന എക്‌സ്പ്രസ് ഹൈവേയില്‍ ജുവാര്‍ബുലാന്‍ഡ്ഷാഹര്‍ റോഡിലാണ് പുലര്‍ച്ചെ രണ്ടു മണിയോടെ സംഭവം ഉണ്ടായത്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് രാജ്യത്തിനുതന്നെ നാണക്കേടായി കൂട്ടമാനഭംഗം അരങ്ങേറിയത്.
സംഭവം ഇങ്ങനെ: നാലു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ഇവര്‍ ബുലാന്‍ഡ്ഷാഹറിലെ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു. യമുന എക്‌സ്പ്രസ് ഹൈവേയില്‍ ജുവാര്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഹൈവേയില്‍ ഉണ്ടായിരുന്ന അക്രമികള്‍ കാറിന്റെ ടയറുകള്‍ക്ക് നേരെ നിറയൊഴിച്ചു. ടയര്‍ പഞ്ചറായതോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയപ്പോള്‍ ഏഴോളം വരുന്ന അക്രമിസംഘം കാറിനടുത്തെത്തി സ്വര്‍ണാഭരണങ്ങളും പണവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു. തുടര്‍ന്ന് സ്ത്രീകള്‍ക്കുനേരെ അക്രമിസംഘം തിരിഞ്ഞപ്പോള്‍ കാറിലുണ്ടായിരുന്ന ഷക്കീല്‍ ഖുറൈഷി എന്നയാള്‍ ഇതു ചോദ്യം ചെയ്തു. ഇതോടെ ഇയാളെ അക്രമികള്‍ വെടിവച്ചുവീഴ്ത്തി. പിന്നീട് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു.
അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും പൊലീസ് പറഞ്ഞു. ഈ മേഖലയില്‍ മുന്‍പും ഇത്തരത്തില്‍ കൊള്ള നടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹൈവേ ക്രിമിനലുകളുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശ്.
അതിനിടെ, യുപിയിലെ മുസാഫര്‍നഗറിന് സമീപം മന്‍സുര്‍പുരില്‍ പ്രായപൂര്‍ത്തിയാകത്ത രണ്ടു പെണ്‍കുട്ടികളെ ഒരു സംഘം യുവാക്കള്‍ മാനഭംഗപ്പെടുത്തി. റേഷന്‍ വിതരണക്കാരന്റെ മകനും സുഹൃത്തുക്കളുമാണ് കുട്ടികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയത്. റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടികളെ റേഷന്‍ വിതരണക്കാരന്റെ മകനും കൂട്ടുകാരും ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോവുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ കാര്യം വീട്ടുകാരോട് പറയുകയും പൊലീസില്‍ പരാതിപെടുകയുമായിരുന്നു. തുടര്‍ന്ന് റേഷന്‍ കടക്കാരന്റെ മകന്‍ രാഹുല്‍ സുഹൃത്തുക്കളായ രാജന്‍, സച്ചിന്‍, രോഹിത്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആയുധധാരികളായ ഏഴംഗ സംഘം നാലു സ്ത്രീകളെ മാനഭംഗപ്പെടുത്തി
RELATED ARTICLES