ഗവിയിലെ വനത്തിൽ കാണാതായ സ്ത്രീയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് ശ്രമം എങ്ങുമെത്തിയില്ല

ഗവിയിലെ കെഎഫ്ഡിസി ഏലത്തോട്ടത്തിൽ ക്ലാർക്കായിരുന്ന ഭൂലോകലക്ഷ്മി (44) യെ കാണാതായിട്ട് ഏഴു വർഷം. ഏലത്തോട്ടത്തിൽ വാച്ചറായ ദാനിയേൽ കുട്ടിയുടെ ഭാര്യ ഭൂലോകലക്ഷ്മിയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് ശ്രമം എങ്ങുമെത്തിയിെല്ലന്ന് ഭർത്താവ് ദാനിയേൽ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂഴിയാർ പൊലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിക്കാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച്അന്വേഷിച്ച കേസ് ഇപ്പോൾ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി. ഇതിലും കാര്യമായ പുരോഗതി ഉണ്ടാകാതായതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി. എന്നിട്ടും തുടരന്വേഷണം ഊർജിതമായില്ല. 2011 ആഗസ്ത് 13ന്, ദാനിയേൽ കുട്ടി തമിഴ്നാട്ടിൽ പോയ ദിവസം രാത്രിയാണ് ചിറ്റാർ‐ സീതത്തോട് വില്ലേജിലെ കൊച്ചുപമ്പയിൽ കെഎഫ്ഡിസിയുടെ ഏഴാം നമ്പർ ക്വാർട്ടേഴ്സിൽനിന്ന് ഭൂലോകലക്ഷ്മിയുടെ തിരോധാനം. വനംവകുപ്പ് ചെക്ക്പോസ്റ്റിന് 50 മീറ്റർ മാത്രം ദൂരെയാണ് ക്വാേർട്ടഴ്സ്. വനം വകുപ്പ് ജീവനക്കാർ അറിയാതെ വാഹനമോ ആളുകളോ പുറത്തേക്ക് പോകില്ല. ആ ദിവസം വനം വകുപ്പിന്റെ ജീപ്പ് പതിവിലും കൂടുതൽ ദൂരം ഓടിയതിന് കൃത്യമായ വിശദീകരണം ഇല്ല. സംഭവശേഷം പെട്ടെന്ന് ഇവിടെനിന്ന് സ്ഥലംമാറി പോയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സംശയിക്കുന്നതായി പൊലീസിനോട് പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ഏപ്രിലിൽ റാന്നി കോടതിയിലും തുടരന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുലും ഹർജി കൊടുത്തിട്ടുണ്ടെന്നും ദാനിയേൽ കുട്ടി പറഞ്ഞു.