ഹെല്‍മെറ്റ് ധരിക്കാതെ വന്ന ‘പോലീസുകാരിയെ’ പിടികൂടിയപ്പോൾ കള്ളി വെളിച്ചത്തായി. യുവതി പൊലീസ് വേഷമണിഞ്ഞ് തട്ടിപ്പ് നടത്തുകയാണെന്നു മനസ്സിലായി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് യുവതി പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷം ധരിച്ച് ജനങ്ങളെ പറ്റിച്ച് വന്നിരുന്നത്. ഫൈസാബാദിലെ ഒരു നഗരത്തില്‍ വാഹന പരിശോധന നടക്കുന്നതിനിടെയാണ് യുവതി പൊലീസ് വേഷത്തില്‍ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിക്കാതെ അതു വഴി വന്നത്. പൊലീസുകാരും നിര്‍ബന്ധമായും വാഹന നിയമങ്ങള്‍ പാലിക്കണമെന്ന് ഡിജിപി ഉത്തരവിട്ട് 2 ദിവസത്തിനുള്ളിലായത് കൊണ്ട് തന്നെ യുവതിയെ തടഞ്ഞു നിര്‍ത്തി.
വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ലഖ്‌നൗവിലെ ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് താന്‍ ജോലി ചെയ്യുന്നതെന്നാണ് യുവതി അവരോട് പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ അത് കള്ളം ആണെന്ന് തെളിഞ്ഞു. തുടര്‍ന്ന് യുവതിയുടെ ഐഡി കാര്‍ഡും ബാച്ച് നമ്പറും കള്ളമാണെന്ന് തെളിഞ്ഞു.
പിന്നീട് യുവതി വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ 2 ജോടി പൊലീസ് യൂണിഫോമും വ്യാജ കേസ് ഡയറികളും ചില ഫയലുകളും കണ്ടെത്താനായി. ഒടുവില്‍ കുറ്റം സമ്മതിച്ചതിന് ശേഷം സന്ധ്യാ തിവാരി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തനിക്ക് ചെറുപ്പം തൊട്ടേ പൊലീസുകാരിയാകാനായിരുന്നു താത്പര്യമെന്നും ആതുകൊണ്ടാണ് ഇത്തരം വേഷങ്ങള്‍ കെട്ടിയതെന്നും മൊഴി നല്‍കി. എന്നാല്‍ യുവതി ഈ വേഷം ധരിച്ച് പൊതുജനങ്ങളെ ശല്യപ്പെടുത്താറുണ്ടായിരുന്നതായും ഒരു ജൂനിയര്‍ പൊലീസ് ഓഫിസറെ പ്രണയിച്ച് വലയിലാക്കിയതായും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
ഹെല്‍മെറ്റ് ധരിക്കാതെ വന്ന ‘പോലീസുകാരിയെ’ പിടികൂടിയപ്പോൾ കള്ളി വെളിച്ചത്തായി
RELATED ARTICLES