പുതിയ ഡിജിപിമാരുടെ നിയമനത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എന്തിനാണ് സംസ്ഥാനത്ത് 12 ഡിജിപിമാര്‍. ഇത്രയും ഡിജിപിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്റ്ററുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇത്രയും പേരെ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.
എന്നാല്‍ നാല് ഡിജിപിമാര്‍ക്ക് മാത്രമേ ഡിജിപി റാങ്കിന്റെ ശമ്പളം നല്‍കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ നാലു പേരുടെ നിയമനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ എഡിജിപി റാങ്കിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്‍ ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ നടപടിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സംസ്ഥാനത്ത് ഡിജിപി തസ്തികയില്‍ രണ്ട് വീതെ കേഡര്‍, എക്‌സ് കേഡര്‍ സ്ഥാനങ്ങളാണുള്ളത്. ഇവയ്ക്ക് പുറമെ ഡിജിപി റാങ്കില്‍ എട്ട് ഉദ്യോഗസ്ഥര്‍ കൂടി സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാല്‍ ഈ എട്ട് പേര്‍ക്ക് എഡിജിപി റാങ്കിലുള്ള ശമ്പളമാണ് നല്‍കുന്നത്. സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
പൊലീസ് സേനയില്‍ നാല് അഡീഷണല്‍ ഡിജിപിമാര്‍ക്കുകൂടി ഡിജിപി പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറും നിലവില്‍ ജയില്‍ എഡിജിപിയുമായ ആര്‍ ശ്രീലേഖ, ഫയര്‍ഫോഴ്‌സ് മേധാവിയും കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരി. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡയറക്ടറായി കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ, ബറ്റാലിയന്‍ എഡിജിപി സുധേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് ഡിജിപി പദവി നല്‍കിയത്.
എട്ട് ഡിജിപിമാര്‍ നിലവിലിരിക്കെയാണ് സര്‍വ്വീസില്‍ 30 വര്‍ഷം തികച്ച നാല് പേര്‍ക്ക് കൂടി ഡിജിപി പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നളിനി നെറ്റോ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കുന്നതിന് തൊട്ട് മുന്‍പാണ് ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയത്.
ഡിജിപിമാരുടെ നിയമനത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
RELATED ARTICLES