പാകിസ്ഥാനിലെ ഒരു ദ്വീപിൽ നായ്ക്കൾ മാത്രം; ദ്വീപിൽ ഭക്ഷണമില്ല !

dogs

നായകള്‍ മാത്രമുള്ള ഒരു ദ്വീപ്. പാകിസ്ഥാനിലെ കറാച്ചിയുടെ തീരത്ത് ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപാണ് നായകള്‍ മാത്രമുള്ളത്. ഇവിടുത്തെ താമസക്കാര്‍ കുറച്ച് നായകള്‍ മാത്രമാണ്. ഇവയ്ക്ക് കുടിക്കാനോ കഴിക്കാനോ ഈ ദ്വീപില്‍ ഒന്നും തന്നെയില്ല. ഇവര്‍ക്ക് രക്ഷകരായി ഒരു കൂട്ടം മത്സ്യത്തൊഴിലാളികളാണ് ഉള്ളത്.

അവര്‍ വള്ളത്തില്‍ വെള്ളവും ഭക്ഷണവുമായി ദ്വീപിലെ നായകള്‍ക്ക് അടുത്തെത്തും. ഭക്ഷണം നല്‍കിയ ശേഷം മടങ്ങും. പാകിസ്ഥാനില്‍നിന്നുള്ള ഒരുകൂട്ടം മൃഗസ്‌നേഹികളായ മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അന്തര്‍ദേശീയ മാധ്യമമായ ബി ബി സിയാണ്.

നായകള്‍ എങ്ങനെയാണ് ഇവിടെ ആദ്യമായി എത്തിപ്പെട്ടതെന്ന് അറിയില്ല. എന്നാല്‍ കാലങ്ങളായി ഇവ ഇവിടെയുണ്ട്. നായകളെ വിദേശികളായ നാവികര്‍ ഇവിടെ ഉപേക്ഷിച്ചു പോയതായിരിക്കുമെന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാല്‍ അധികൃതര്‍ തെരുവുനായ്ക്കളെ ഇവിടെ ഉപേക്ഷിച്ചതാവാമെന്ന് മറ്റൊരു കൂട്ടരും പറയുന്നു.

ഇവിടുത്തെ നായകള്‍ക്ക് ഭക്ഷണവും വെള്ളവും ദ്വീപ് കടന്ന് പോകുന്ന മത്സ്യബന്ധനത്തൊഴിലാളികളാണ് നല്‍കുന്നത്. മത്സ്യബന്ധനത്തൊഴിലാളികളുടെ ബോട്ട് എത്തുമ്പോള്‍ തന്നെ നായകള്‍ അവയുടെ അടുത്തേക്ക് ചെല്ലും. കാരണം നായകള്‍ക്ക് അറിയാം അവയ്ക്കുള്ള ഭക്ഷണവുമായാണ് ബോട്ടുകള്‍ എത്തിയിരിക്കുന്നതെന്ന്. നായകള്‍ മാത്രം താമസക്കാരായ ഈ ദ്വീപില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.