ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വിശ്വസ്തൻ മുകുള്‍ റോയ് ബി.ജെ.പിയിലേക്ക്

mukul roy

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനുമായ മുകുള്‍ റോയ് ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. താന്‍ പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും അടുത്തയാഴ്ച രാജി വയ്ക്കുമെന്ന് മുകുള്‍ റോയ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. തൃണമൂല്‍ പാര്‍ട്ടിയിലെ പ്രമുഖനുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് ഘോഷ് അറിയിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിടുകയാണെന്ന മുകുള്‍ റോയിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിന്റെ ദുര്‍ഗ പൂജ പതിപ്പ് പ്രകാശന ചടങ്ങില്‍നിന്ന് റോയ് വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുമായി അദ്ദേഹം അത്രത്തോളം അകന്നുകഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്നതാണ് ഇത്. എട്ടുമാസം കൂടി ബാക്കി നിൽക്കെയാണ് മുകുൽ രാജ്യസഭാംഗത്വവും രാജി വയ്ക്കുന്നത്.എന്നാല്‍ മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേരുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും ഡല്‍ഹിയില്‍ ഞങ്ങളുടെ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട് എന്നുമായിരുന്നു ബി.ജെ.പി നേതാവ് ദിലീപ് ഘോഷിന്റെ പ്രതികരണം.