മുന്‍കൂര്‍ജാമ്യം തേടി ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്റെ ദത്തുപുത്രി

honey preeth

ബലാത്സംഗക്കേസില്‍ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് സിങ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡല്‍ഹി ഹൈക്കോടതിയില്‍. ഗുര്‍മീതിന് ശിക്ഷ വിധിച്ചതിനു ശേഷമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഹണിപ്രീതിനായി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഹണിപ്രീതിന്റെ നീക്കം.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 43 പേരെയാണ് പോലീസ് തിരയുന്നത്. പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ ശരിയായ പേര്. ഇവര്‍ക്കു വേണ്ടി നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രദീപ് കുമാര്‍ ആര്യ എന്ന അഭിഭാഷകനാണ് ഹണിപ്രീതിനു വേണ്ടി മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

ഇന്ത്യയുടെ വിവിധഭാഗങ്ങളിലും ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലും ഹണിപ്രീതിനു വേണ്ടി ഹരിയാന പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. അനുയായികളായ യുവതികളെ ബലാത്സംഗം ചെയ്തതിനാണ് ഗുര്‍മീത് ശിക്ഷ അനുഭവിക്കുന്നത്.

20 വര്‍ഷം കഠിനതടവും 30 ലക്ഷം രൂപ പിഴയുമാണ് കോടതി ഗുര്‍മീതിന് ശിക്ഷ വിധിച്ചത്. കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ഗുര്‍മീതിന്റെ അനുയായിള്‍ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. 40 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.